ഗസ്റ്റ് അധ്യാപകർക്ക് ശമ്പളം ലഭിക്കും; സ്പാർക്ക് ഐ.ഡി രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശം

Share our post

കൊച്ചി: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ഗസ്റ്റ് അധ്യാപകരുടെ സ്പാര്‍ക്ക് ഐ.ഡി രജിസ്‌ട്രേഷന്‍ നടത്തി അംഗീകരിച്ചു നല്‍കുന്ന പ്രവൃത്തി യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍. സ്പാര്‍ക്ക് ഐ.ഡി രജിസ്‌ട്രേഷന്‍ മന്ദഗതിയില്‍ ആയിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി സംസ്ഥാനത്തെ ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം മുടങ്ങിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി മാതൃഭൂമി ഡോട്ട് കോം വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് നടപടി.

ഹയര്‍സെക്കന്‍ഡറി ഗസ്റ്റ് അധ്യാപകരുടെ രജിസ്‌ട്രേഷന്‍ അതാത് മേഖല ഓഫീസുകള്‍ വഴി സ്പാര്‍ക്കില്‍ ക്രമീകരിക്കുകയും യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാനും അതായത് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അടിയന്തരമായി നടപ്പിലാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ സേവന സംവിധാനമായ സ്പാര്‍ക്കില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഉണ്ടാകുന്ന കാലതാമസമാണ് ശമ്പളവിതരണത്തിന് തടസമായിരുന്നത്.

സീനിയര്‍ ഗസ്റ്റ് അധ്യാപകര്‍ ജോലിയില്‍ പ്രവേശിച്ച ജൂണ്‍ മാസം മുതലുള്ള ശമ്പളവും ജൂനിയര്‍ ഗസ്റ്റ് അധ്യാപകര്‍ ജോലിയില്‍ പ്രവേശിച്ച ജൂലായ് മാസം മുതലുള്ള ശമ്പളവുമാണ് ഇതുവരേയും ലഭിക്കാത്തത്. ആഴ്ചയില്‍ മൂന്ന് മുതല്‍ അഞ്ച് ദിവസങ്ങളാണ് അധ്യാപകര്‍ക്ക് ക്ലാസുകള്‍ ഉണ്ടാവുക. യാത്രാചെലവിനുപോലും ഇപ്പോള്‍ മറ്റ് ജോലികള്‍ക്ക് പോയി പണം കണ്ടെത്തേണ്ട അവസ്ഥയാണുള്ളതെന്നാണ് അധ്യാപകര്‍ വ്യക്തമാക്കുന്നത്.

മൂന്ന് മാസത്തോളമായി ശമ്പളം ലഭിക്കാതായതോടെ നിത്യച്ചെലവിന് ബുദ്ധിമുട്ടുന്ന സാഹചര്യമാണെന്നും കൂലിപ്പണിക്ക് പോയി വീട്ടുകാര്യങ്ങളും യാത്രാചെലവിനുമുള്ള പണം കണ്ടെത്തുകയാണെന്നും അധ്യാപകന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!