വിയർപ്പിന്റെ വിലകൊയ്ത് അബ്ദുൽ ഫത്താഹ്

പയ്യന്നൂർ: വൈവിധ്യങ്ങളായ നിരവധിയിനം കൃഷിയിലൂടെ കാർഷിക മേഖലയിൽ മാതൃകയാകുകയാണ് മാതംഗലത്തെ എം.വി. അബ്ദുൽ ഫത്താഹ്. എരമം കുറ്റൂർ പഞ്ചായത്തിലെ ഓലയമ്പാടിയിൽ അഞ്ചര ഏക്കർ തരിശുഭൂമി പാട്ടത്തിനെടുത്താണ് വിവിധ വിളകൾ കൃഷിചെയ്യുന്നത്.
ഒന്നോ രണ്ടോ കൃഷി മാത്രമായാൽ ഒരിക്കലും ലാഭകരമാവില്ലെന്ന തിരിച്ചറിവിലൂടെയാണ് മണ്ണിൽ വൈവിധ്യം പരീക്ഷിച്ച് വിജയം വിളയിക്കുന്നത്. കുറുമാത്തൂരിൽ നിന്നും മാതമംഗലത്തേക്ക് കുടിയേറി പാർത്തതോടെയാണ് കൃഷിയിൽ സജീവമായത്. ആദ്യം പ്രവാസം.
തുടർന്ന് കല്ല്, മരം ബിസിനസ്. ഒടുവിലാണ് കാർഷിക മേഖലയിലേക്കുള്ള ചുവടുവെപ്പ്. കാലാവസ്ഥമാറ്റം ചതിച്ചുവെങ്കിലും അതിനെ മറികടക്കാനുള്ള ജലസേചന സൗകര്യവും ഒരുക്കി.
വന്യമൃഗങ്ങളെയകറ്റാൻ കമ്പിവേലി തീർത്തിട്ടുണ്ട്. 3000 നേന്ത്രവാഴ, 3000 കപ്പ, വഴുതിന, വെണ്ട, പച്ചമുളക്, ചീര, ചോളം, വെള്ളരി, കക്കിരി തുടങ്ങിയവ കൃഷി ചെയ്യുന്നതിന് പുറമെ കേരളത്തിന് അന്യമായ ബീംസ്, കിയാർ എന്നിവയുമുണ്ട് ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ.
ഓണത്തിന് ചെണ്ടുമല്ലി കൃഷിയിലും ഒരു കൈ നോക്കിയിരുന്നു. വേനൽ തുടങ്ങാറായാൽ തണ്ണിമത്തൻ കൃഷിയിറക്കും. സഹായമായി കൃഷിഭവനും എരമം കുറ്റൂർ പഞ്ചായത്തും ഉണ്ട്. മൻസൂറയാണ് ഭാര്യ. ഫർഹാൻ, ഫസൽ, ഫാരിസ് എന്നിവർ മക്കൾ.