കരിന്തളം – വയനാട് 400 കെവി ലൈൻ; ഇടമൺ – കൊച്ചി നഷ്ടപരിഹാര പാക്കേജ് മാതൃക നടപ്പാക്കുമെന്നു സൂചന

Share our post

ഇരിട്ടി: കരിന്തളം – വയനാട് 400 കെവി വൈദ്യുതി ലൈനിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കർഷകർക്കു ഇടമൺ – കൊച്ചി മാതൃകയിലുള്ള നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ഊർജിതം. പാക്കേജിന് രൂപം കൊടുക്കുന്നതിനുള്ള ആശയ രൂപീകരണത്തിനായി ഇന്നലെ കലക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ എം.എൽ.എമാരുടെ യോഗത്തിലാണു ബന്ധപ്പെട്ടവർ ഇതിനുള്ള സൂചന നൽകിയത്.

ഇടമൺ – കൊച്ചിയിലും മാടക്കത്തറയിലും കെ.എസ്.ഇ.ബി ടവർ ലൈൻ സ്ഥാപിച്ചപ്പോൾ നടപ്പാക്കിയ നഷ്ടപരിഹാര പാക്കേജ് കരിന്തളം – വയനാട് ലൈൻ സ്ഥാപിക്കുമ്പോഴും നടപ്പാക്കണമെന്നു കർമസമിതിയും ബന്ധപ്പെട്ട ജനപ്രതിനിധികളും നേരത്തേ മുതൽ ആവശ്യം ഉന്നയിച്ചിരുന്നു.

ഇതനുസരിച്ചാണ് എം.എൽ.എമാരുടെ യോഗത്തിൽ ഈ നിർദേശം ശക്തമായി ഉയർന്നത്. ഈ പാക്കേജ് പ്രകാരം ടവർ സ്ഥാപിക്കുന്ന സ്ഥലത്തിനു ന്യായവിലയുടെ 5 ഇരട്ടിയും ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് ന്യായവില പ്രകാരം ഉള്ള നിലവിലെ നഷ്ടപരിഹാരത്തിനു പുറമേ എക്സ്ഗ്രേഷ്യ ആയി നിശ്ചിത ശതമാനവും ആണു ലഭിക്കുക. ഇതിൽ തന്നെ ടവർ ലൈൻ സ്ഥാപിക്കുന്നതിന്റെ ഉയരം കൂടുമ്പോൾ നഷ്ടപരിഹാരം കുറയും.

വിളകൾക്കുള്ള നഷ്ടപരിഹാരം ഇതിനു പുറമേ ലഭിക്കും. ഇരിട്ടി മേഖലയിൽ ഉൾപ്പെടെ ന്യായവില നിർണയത്തിലെ അപാകതകൾ ഉള്ളതു നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനെയും ബാധിക്കുന്ന കാര്യം എം.എൽ.എമാർ ചൂണ്ടിക്കാട്ടി.

ഒരു ആർ (രണ്ടര സെന്റ്) കണക്കാക്കിയാണ് ന്യായവില പട്ടിക ഉള്ളത്. ഈ സങ്കീർണതകൾ പരിഹരിക്കുന്നതിനുള്ള ആശയ രൂപീകരണം കൂടി ഉണ്ടാവേണ്ടതുണ്ട്. വ്യവസ്ഥകൾ സ്ഥലം ഉടമകളുടെ പ്രതിനിധികളെയും ബോധ്യപ്പെടുത്തണമെന്നു എം.എൽ.എമാർ ആവശ്യപ്പെട്ടപ്പോൾ നാളെ തഹസിൽദാരുടെയും കർമസമിതി ഭാരവാഹികളുടെയും സാന്നിധ്യത്തിൽ സ്ഥലം ഉടമകളുടെ പ്രതിനിധികളുടെ യോഗം കെ.എസ്.ഇ.ബി  ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തി വിശദീകരിക്കാൻ തീരുമാനം ആകുകയായിരുന്നു.

കലക്ടർ എസ്.ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ഓൺലൈനായി ആണു യോഗം ചേരാൻ തീരുമാനിച്ചതെങ്കിലും എം.എൽ.എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവർ ചേംബറിൽ നേരിട്ടെത്തി പങ്കെടുത്തു. എം.വി.ഗോവിന്ദൻ (തളിപ്പറമ്പ്), ടി.ഐ.മധുസൂദനൻ (പയ്യന്നൂർ) എന്നീ എം.എൽ.എമാരുടെ പ്രതിനിധികൾ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തുടർച്ചയായി അദ്ദേഹം കലക്ടർമാർക്കു നൽകിയ നിർദേശ പ്രകാരം ആണു എം.എൽ.എമാരുടെ യോഗം ചേർന്നത്. കർഷകരും ഭൂവുടമകളും നൽകിയ നിവേദനങ്ങളിലെ ആവശ്യങ്ങൾ സംബന്ധിച്ചു പഠിച്ചു ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ വൈദ്യുതി വകുപ്പ് ചീഫ് എൻജിനീയറെയും നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!