റെയിൽവേയുടെ അവഗണന: രണ്ടാം വന്ദേഭാരതിനും തലശേരിയിൽ സ്‌റ്റോപ്പില്ല
തലശേരി : രണ്ടാം വന്ദേഭാരതിനും സ്‌റ്റോപ്പ് അനുവദിക്കാതെ തലശേരിയോട് റെയിൽവേയുടെ അവഗണന. വയനാട് ജില്ലയുടെ സർവീസ് സ്‌റ്റേഷനെന്ന പരിഗണനപോലും തലശേരിക്ക് ദക്ഷിണ റെയിൽവേ നൽകിയില്ല. സ്ഥലം എം.പി കെ. മുരളീധരനും റെയിൽവേ അമിനിറ്റീസ് ചെയർമാൻ പി.കെ. കൃഷ്‌ണദാസും കാണിച്ച നിസ്സംഗതയും അലംഭാവവുമാണ് ഈ ദുരവസ്ഥക്ക് കാരണമായത്. ആദ്യ വന്ദേഭാരതും തലശേരി വഴി ചീറിപ്പാഞ്ഞുപോവുന്നത് കാണാനാണ് നാട്ടുകാരുടെ യോഗം.
ദക്ഷിണ റെയിൽവേ സോണിൽ കഴിഞ്ഞ വർഷം 35 കോടി വരുമാനത്തോടെ 35ാം സ്ഥാനത്തായിരുന്നു തലശേരി. കേരളത്തിൽ മികച്ച വരുമാനമുള്ള പത്ത് റെയിൽവേ സ്‌റ്റേഷനുകളിലൊന്നാണിത്. കൂടുതൽ വണ്ടികൾക്കുകൂടി സ്‌റ്റോപ്പ് അനുവദിച്ചിരുന്നെങ്കിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനമുളള അഞ്ച് സ്റ്റേഷനുകളിൽ ഒന്നായി തലശേരി മാറുമായിരുന്നു.
മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുന്ന അന്ത്യോദയ എക്സ്പ്രസ് പലപ്പോഴും കാലിയായി ഓടിയിട്ടും നിറയെ യാത്രക്കാരുള്ള തലശേരി സ്‌റ്റേഷനിൽ നിർത്തുന്നില്ല. ദീർഘദൂര ട്രെയിനുകളിൽ യാത്രചെയ്യേണ്ടവർ ലഗേജുമായി കണ്ണൂർ, കോഴിക്കോട് സ്‌റ്റേഷനുകളെ ആശ്രയിക്കേണ്ട ഗതികേടാണ്. രണ്ടാം വന്ദേഭാരത് ഉൾപ്പെടെ നിർത്താതെ പോവുന്ന മുഴുവൻ ട്രെയിനുകൾക്കും തലശേരിയിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
