സ്വകാര്യ ബസ് ക്ലീനര്‍മാര്‍ നെയിംപ്ലേറ്റും യൂണിഫോമും ധരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

Share our post

സംസ്ഥാനത്തെ സ്വകാര്യ ബസ് ക്ലീനര്‍മാര്‍ നെയിംപ്ലേറ്റും യൂണിഫോമും ധരിക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വീഴ്ച വരുത്തുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

സ്വകാര്യ ബസ് ക്ലീനര്‍മാര്‍ക്ക് നെയിംപ്ലേറ്റും യൂണിഫോമും നിര്‍ബന്ധമാക്കിയിട്ടും അത് നടപ്പിലാക്കാത്തതിനെതിരെ സമര്‍പ്പിച്ച പരാതി തീര്‍പ്പാക്കിക്കൊണ്ടാണ് ഉത്തരവ്. നടപടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2022 ജൂണ്‍ ആറിന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം സ്റ്റേറ്റ് ക്യാരേജുകളിലെ ക്ലീനര്‍മാര്‍ക്ക് യൂണിഫോമും നെയിംപ്ലേറ്റും നിബന്ധമാക്കിയിട്ടുള്ളതായി പറയുന്നു.

ഇക്കാര്യം ഉറപ്പാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധനകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അതാത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.മാര്‍ക്ക് വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ അടക്കം അറിയിപ്പ് നല്‍കിയാല്‍ നടപടിയെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം ചെറുവായൂര്‍ സ്വദേശി ഷൌഫര്‍ നവാസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. മനുഷ്യാവകാശ കമ്മീഷന്‍ ഗതാഗത കമ്മീഷണര്‍ക്ക് ഉത്തരവ് കൈമാറി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!