കാലവർഷം പിൻവാങ്ങുന്നു; സംസ്ഥാനത്ത്‌ 38 ശതമാനം മഴക്കുറവ്‌

Share our post

തിരുവനന്തപുരം : രാജസ്ഥാനിൽനിന്ന് കാലവർഷം പിൻവാങ്ങൽ ആരംഭിച്ചതായി കാലാവസ്ഥാവകുപ്പ്‌. സാധാരണയിൽനിന്ന് എട്ടുദിവസം വൈകിയാണിത്‌. കാലവർഷം അവസാനിക്കാൻ അഞ്ചുദിവസം ബാക്കിനിൽക്കെ സംസ്ഥാനത്ത്‌ 38 ശതമാനം മഴക്കുറവാണ്‌. 1976.9 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 1229.5 ആണ്‌ ലഭിച്ചത്‌. സെപ്‌തംബറിൽ ലഭിച്ച അധികമഴയാണ്‌ ആശ്വാസമായത്‌. ഈ മാസം 38 ശതമാനം അധികമഴ ലഭിച്ചു. ഇടുക്കി, വയനാട്‌ ഒഴിച്ചുള്ള എല്ലാ ജില്ലയിലും അധിക മഴയുണ്ടായി. പത്തനംതിട്ടയിൽ സാധാരണയെക്കാൾ ഇരട്ടി മഴയാണ്‌ ലഭിച്ചത്‌, 410 മില്ലീമീറ്റർ. സംസ്ഥാനത്ത്‌ ഈ ആഴ്‌ചയും മഴ തുടരുമെന്നാണ്‌ പ്രവചനം. ജൂണിൽ ആരംഭിച്ച കാലവർഷത്തിൽ ആദ്യ മൂന്നു മാസവും മഴക്കുറവായിരുന്നു. ജൂണിൽ 60 ശതമാനവും ആഗസ്‌തിൽ 87 ശതമാനവുമായിരുന്നു മഴക്കുറവ്‌. ജൂലൈയിൽ ഭേദപ്പെട്ട മഴ ലഭിച്ചു. ഒമ്പതു ശതമാനം മാത്രമായിരുന്നു മഴക്കുറവ്‌.

മഴ തുടരും

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാവകുപ്പ്‌. വ്യാഴം കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. 40 കിലോ മീറ്റർവരെ വേഗതയിൽ കാറ്റിനും ഇടിക്കും സാധ്യതയുണ്ട്‌.

ഉത്തർപ്രദേശ്‌, ഛത്തീസ്‌ഗഡ്‌, തമിഴ്നാട്‌, ഒഡിഷ എന്നീ സംസ്ഥാനങ്ങൾക്കുമുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനും സാധ്യതയുണ്ട്‌. കേരള തീരത്ത്‌ കടലാക്രമണത്തിന്‌ സാധ്യതയുണ്ട്‌. മീൻപിടിത്തത്തിന്‌ തടസ്സമില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!