മൊകേരിയിൽ തരിശുഭൂമിയിൽ വിരിഞ്ഞത് പൊൻ കതിരുകൾ
പാനൂർ: കാർഷിക സംസ്കൃതിയോട് ആഭിമുഖ്യം വളർത്താൻ മൊകേരി പഞ്ചായത്ത് കൃഷി ഭവന്റെയും നേതൃത്വത്തിൽ നടന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പരിപാടിയിൽ വർഷങ്ങളോളം തരിശായി കിടന്ന കല്ലി താഴെ മൊകേരി വയലിൽ വിളവെടുത്തത് പൊൻകതിരുകൾ. ഒരു ഏക്കറോളം വരുന്ന സ്ഥലത്തെ നെൽകൃഷി വിളവെടുപ്പ് കർഷകരും വിദ്യാർഥികളും ഉത്സവാന്തരീക്ഷത്തിൽ നടത്തി.
മൊകേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ പിന്തുണയോടെ അന്യാധീനമായതും തരിശിട്ടതുമായ കൃഷിയിടങ്ങൾ തിരിച്ചു പിടിച്ച് നെൽകൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൂരാറ 11, 12 വാർഡുകളിലാണ് നെൽകൃഷി ചെയ്ത് വിളവെടുപ്പ് നടത്തിയത്. കൃഷിക്കാരായ മുള്ളൻ വലിയന്റവിട സുരാജ്, മഠത്തിൽ അശോകൻ, കല്ലി പ്രദീപൻ, കോറോത്ത് രാഘവൻ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്.
മുതിർന്ന കർഷക ഇല്ലത്ത് ശാരദയുടെ നേതൃത്വത്തിൽ കൊയ്ത്ത് പാട്ടിന്റെ ആരവത്തോടെ കൂരാറ ഗവ. എൽ.പി സ്ക്കൂൾ വിദ്യാർഥികളുടേയും അധ്യാപകരുടേയും മെംബർമാരുടേയും നാട്ടുകാരുടേയും സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.വി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ വി.പി. ഷൈനി, എൻ. വനജ, സജിനി ടീച്ചർ, ബവിജേഷ് മാസ്റ്റർ, വി.കെ. റിജിൻ, എം. അശോകൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ സുനിൽകുമാർ സ്വാഗതവും അസി. കൃഷി ഓഫിസർ കെ. അജേഷ് കുമാർ നന്ദിയും പറഞ്ഞു.
