ഓൺലൈൻ തട്ടിപ്പ്; തലശ്ശേരിയിലും രണ്ട് കേസുകൾ
തലശ്ശേരി: ഓൺലൈൻ തട്ടിപ്പ് പരാതിയിൽ തലശ്ശേരിയിലും ഐ.ടി വകുപ്പിൽ കേസ്. രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ട രണ്ടു പേരുടെ പരാതിയിലാണ് തലശ്ശേരി പൊലീസ് കേസെടുത്തത്.
ഇല്ലത്ത് താഴയിലെ ചെറുവന വീട്ടിൽ ജി. വിമൽ കുമാറിൽ നിന്ന് 1,20, 000 രൂപയും പിലാക്കൂലിലെ തെംസ് വീട്ടിൽ പി. മഹമൂദിൽ നിന്ന് 99, 524 രൂപയുമാണ് അജ്ഞാതർ ഓൺലൈൻ വഴി തട്ടിയത്. കഴിഞ്ഞ മേയ് ഒന്നിനാണ് 36 കാരനായ വിമൽകുമാർ തട്ടിപ്പിനിരയായത്. വിമൽ കുമാറിനെ വാട്സ്ആപ്പിൽ വിളിച്ച് ഓൺലൈൻ ട്രേഡിങ് ലിങ്ക് അയച്ചുകൊടുത്തു.
ഇതിൽ പണം നിക്ഷേപിച്ചാൽ ലാഭം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് വിമൽ കുമാറിന്റെ കോഴിക്കോട് വെസ്റ്റ് ഹിൽ ആക്സിസ് ബാങ്ക് അക്കൗണ്ടിൽ നിന്നാണ് ഓൺലൈൻ വഴി മൂന്ന് തവണകളിലായി ഒന്നേകാൽ ലക്ഷത്തോളം പിൻവലിച്ചത്.
ബിസിനസുകാരനായ മഹമൂദിന്റെ (62) തലശ്ശേരിയിലെ സ്റ്റേറ്റ് ബാങ്ക് ടൗൺ ബ്രാഞ്ചിൽ നിന്നാണ് ഒരു ലക്ഷത്തോളം രൂപ ഓൺലൈൻ വഴി തട്ടിയത്. ബാഗിന്റെ ഇടപാടുകാരനായ മഹമൂദിന് ഡൽഹിയിലെ സ്ഥാപനം അയച്ച ഉരുപ്പടികൾ മാറിയതായി വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഡൽഹിയിലെ പ്രഫഷനൽ കൊറിയറിലെ സ്റ്റാഫാണെന്ന് പറഞ്ഞാണ് മഹമൂദിൽ നിന്നും യു.പി.ഐ. ഐ.ഡിയും പിന്നും കൈക്കലാക്കിയത്.
