മൃഗാശുപത്രി സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലും

സംസ്ഥാനത്തെ മൃഗാശുപത്രികളുടെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കാൻ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷൻ തയാറാകുന്നു. ഇ-സമൃദ്ധ എന്ന ഡിജിറ്റല്‍ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ആൻഡ് ഇ-ഹെല്‍ത്ത് സംവിധാനം നടപ്പാക്കാനാണ് മൃഗസംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്. കേരള ഡിജിറ്റല്‍ യൂനിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്തോടു കൂടിയാണ് മൊബൈല്‍ ആപ്ലിക്കേഷൻ തയാറാക്കുന്നത്.
പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായാല്‍ മൃഗാശുപത്രികളുടെ സേവനങ്ങള്‍, ഔട്ട് പേഷ്യന്റ് രജിസ്ട്രേഷൻ, അപ്പോയ്മെന്റ്, തങ്ങളുടെ മൃഗങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവ കര്‍ഷകര്‍ക്ക് വിരല്‍തുമ്പില്‍ ലഭിക്കും. സംസ്ഥാനത്തെ എല്ലാ മൃഗാശുപത്രികളും, ലബോറട്ടറികളും ഈ സംവിധാനവുമായി ബന്ധിപ്പിക്കുന്നതോടെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ സാധിക്കും. കൂടാതെ വെറ്റിനറി ഡോക്ടര്‍മാര്‍ക്ക് ഓരോ മൃഗത്തിന്റേയും പൂര്‍വകാല രോഗവിവരങ്ങളും ലബോറട്ടറി റിപ്പോര്‍ട്ടുകളും ലഭിക്കുന്നത് കൃത്യമായ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും രോഗ നിയന്ത്രണത്തിനും സഹായകമാകും. ഇതിനായുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാനുള്ള പ്രവൃത്തി ഓരോ ജില്ലകളിലും നടന്നുവരികയാണ്.