ഐഫോൺ 15 പ്രോയുടെ നിറം മാറുന്നുവോ? പ്രതികരിച്ച് ആപ്പിൾ
ദിവസങ്ങൾ മുമ്പാണ് ആപ്പിൾ 15 സീരിസ് അവതരിപ്പിച്ചത്. പതിവിൽ നിന്നും വ്യത്യസ്തമായി ഐഫോൺ 15 പ്രോ മോഡലുകൾ ടൈറ്റാനിയത്തിലാണ് ആപ്പിൾ നിർമിച്ചിരിക്കുന്നത്. എന്നാൽ, പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് ഫോണിനെ സംബന്ധിച്ചുള്ള ഒരു പരാതിയാണ്.
ഐഫോണിന്റെ വശങ്ങളിൽ തൊടുമ്പോൾ ഫോണിന്റെ നിറം മാറുന്നുവെന്ന പരാതിയാണ് ഉപഭോക്താക്കൾ ഉന്നയിച്ചിരിക്കുന്നത്. പരാതികൾ കൂടിയതോടെ ഇക്കാര്യത്തിൽ വിശദീകരണവുമായി ആപ്പിൾ തന്നെ രംഗത്തെത്തി. എണ്ണമയമുള്ള കൈകൾ കൊണ്ട് ഐഫോണിന്റെ വശങ്ങളിൽ തൊടുമ്പോൾ താൽക്കാലികമായി നിറം മങ്ങുമെന്നാണ് ആപ്പിളിന്റെ വിശദീകരണം.
അതേസമയം, സ്ഥിരമായി ഇത്തരത്തിൽ ഫോണിന്റെ നിറം മാറില്ലെന്നും വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചാൽ പ്രശ്നം പരിഹരിക്കാമെന്നുമാണ് ആപ്പിൾ വിശദീകരിക്കുന്നത്.
പുതിയ മെറ്റീരിയലാണ് ഐഫോൺ 15 പ്രോ സീരിസിനായി ഉപയോഗിച്ചിരിക്കുന്നത്. മുമ്പുണ്ടായിരുന്ന ഫോണുകളിൽ സ്റ്റൈയിൻലെസ്സ് സ്റ്റീലാണ് ഉപയോഗിച്ചതെങ്കിൽ പുതിയ ഫോണിൽ കൂടുതൽ മികവുറ്റ ടൈറ്റാനിയമാണ് ഫ്രെയിം നിർമിക്കാനായി ആപ്പിൾ ഉപയോഗിച്ചത്.
