ചുരംപാതയുടെ ദുരവസ്ഥയ്ക്ക് കാരണം പൊതുമരാമത്ത് വകുപ്പ് -എം.എൽ.എ

കേളകം : ബോയ്സ് ടൗൺ-പാൽചുരം റോഡിന്റെ ശോച്യവസ്ഥയ്ക്ക് കാരണം പൊതുമരാമത്തുവകുപ്പാണെന്ന് സണ്ണി ജോസഫ് എം.എൽ.എ. ആരോപിച്ചു. നിരവധി തവണ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് കൊടുത്താണെന്നും നിയമസഭയിലും മോണിറ്ററിങ് കമ്മറ്റിയിലും ജില്ലാ വികസന സമിതിയിലും താലൂക്ക് വികസന സമിതിയിലും പല തവണ വിഷയം ഉന്നയിച്ചതാണ്.
ജനപ്രതിനിധികൾക്ക് ഉത്തരവ് ഇടാൻ അധികാരം ഇല്ലെന്നും അഭ്യർഥിക്കാനും നിവേദനം കൊടുക്കാനും മാത്രമേ സാധിക്കുകയുള്ളൂവെന്നും സണ്ണി ജോസഫ് പറഞ്ഞു.
കഴിഞ്ഞ ദിവസവും കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റിന് ഒപ്പം പൊതുമരാമത്തു മന്ത്രിയെ കണ്ട് ചുരം റോഡിന്റെ വിഷയം വീണ്ടും സംസാരിച്ചതാണെന്നും എം.എൽ.എ. പറഞ്ഞു. പേരാവൂർ നിയോജക മണ്ഡലത്തിലെ റോഡുകളുടെ കാര്യം ഈ വർഷം തന്നെ രണ്ടുവട്ടം നിയമസഭയിൽ സബ്മിഷനായി അവതരിപ്പിച്ചു.
2021 സെപ്റ്റംബർ 25ൽ ചുരം റോഡിന്റെ കാര്യം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചതാണ്. പി.ഡബ്ല്യു.ഡി.യുടെയും കെ.ആർ.എഫ്.ബിയുടെയും ഉദ്യോഗസ്ഥരെ നിരവധി തവണ ഫോണിൽ വിളിക്കുകയും നേരിൽക്കണ്ട് സംസാരിക്കുകയും ചെയ്തതാണ്.
ഇതെല്ലാംചെയ്തിട്ടും നടപടിയുണ്ടാകുന്നില്ല. എം.എൽ.എയാണ് റോഡുകളുടെ തകർച്ചയ്ക്ക് ഉത്തരവാദിയെന്ന് പറയുന്ന രാഷ്ട്രീയപ്രചാരണം ജനം തിരിച്ചറിയണമെന്നും എം.എൽ.എ. പറഞ്ഞു.
റോഡുകളുടെ നിർമാണത്തിന് ആവശ്യമായ തുക അനുവദിക്കുന്നില്ലെന്നും അതുകൊണ്ട് റോഡുകൾ പൂർണമായി പണിയാൻ സാധിക്കുന്നില്ലെന്നും എം.എൽ.എ. കേളകത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, കോൺഗ്രസ് കേളകം മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ്, വിൽസൺ കൊച്ചുപുരയ്ക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.