താൽക്കാലിക സംവിധാനമായി, കാരുണ്യ മുടങ്ങില്ല

Share our post

കോഴിക്കോട്‌ : കാരുണ്യ പദ്ധതിയിൽ ചികിത്സ മുടങ്ങാതിരിക്കാൻ ആരോഗ്യവകുപ്പ്‌ താൽക്കാലിക സംവിധാനമൊരുക്കി. കേന്ദ്രസർക്കാർ നാഷണൽ ഹെൽത്ത്‌ അതോറിറ്റിയുടെ ഐ.ടി സിസ്‌റ്റത്തിൽ മാറ്റംവരുത്തിയത്‌ കാരുണ്യ വിഭാഗത്തിലുള്ളവർക്ക്‌ വിനയായിരുന്നു. ഗുണഭോക്താവിന് കാർഡ് നൽകുന്ന ബി.ഐ.എസ് പോർട്ടലാണ്‌ പുതുക്കിയത്‌. പ്രധാനമന്ത്രി മോദിയുടെ ജന്മദിനാഘോഷ ഭാഗമായായിരുന്നു തിരക്കിട്ടുള്ള അപ്‌ഡേഷൻ. എന്നാൽ സംസ്ഥാനത്തെ പാവപ്പെട്ട ലക്ഷക്കണക്കിന്‌ രോഗികളുടെ വിവരം പോർട്ടലിൽ ഇല്ലായിരുന്നു. ആശുപത്രികളിൽ കാരുണ്യ (കാസ്പ് )പദ്ധതി നടപ്പാക്കുന്നത് നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഐടി സിസ്റ്റം ഉപയോഗിച്ചാണ്. സെപ്‌തംബർ 14നാണ്‌ ഇതിൽ മാറ്റം വരുത്തിയത്‌.

നിലവിലുള്ള കാരുണ്യ ബെനവലന്റ് ഫണ്ട്, ആരോഗ്യ കിരണം പദ്ധതികൾ ഇതിലേക്ക് അപ്ഡേറ്റ് ആയില്ല. ഗുണഭോക്താവിന്റെ കാർഡ് പുതുക്കുന്ന രീതിയിലും മാറ്റംവരുത്തിയിരുന്നു. സൈറ്റിൽ വിവരങ്ങളില്ലാതായതോടെ സൗജന്യ ചികിത്സ നിഷേധിക്കപ്പെടുമെന്ന സ്ഥിതിയായി. കേന്ദ്രം സൃഷ്‌ടിച്ച പൊല്ലാപ്പിന്‌ പ്രതിവിധിയായാണ്‌ സർക്കാർ ഇടപെട്ടത്‌.

ദേശീയ പോർട്ടലിലെ പ്രശ്നങ്ങൾ പരിഹരിക്കും വരെ ചികിത്സ തേടുന്നവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ മന്ത്രി വീണാ ജോർജ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയോട്‌ നിർദേശിച്ചു. ഇതനുസരിച്ച്‌ ആശുപത്രികൾ രോഗികളുടെ കാസ്‌പ് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള യോഗ്യത ഉറപ്പാക്കി ജില്ലാ കോ–ഓർഡിനേറ്റർമാരുടെ അംഗീകാരം എടുത്ത്‌ സൗജന്യ ചികിത്സ നൽകണം.

ആശുപത്രികൾ ജില്ലാ കോ–ഓർഡിനേറ്റർമാരിൽനിന്നും ചികിത്സാ ആനുകൂല്യത്തിനുള്ള അപ്രൂവൽ ഇ–മെയിൽ വഴി എടുക്കാനും നിർദേശിച്ചു. പോർട്ടലിലെ പ്രശ്നങ്ങൾ പരിഹരിക്കുന്ന മുറക്ക് അതിലേക്ക്‌ രജിസ്റ്റർ ചെയ്യണം. പോർട്ടലിലെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് വേഗം പരിഹരിക്കുമെന്ന്‌ എസ്.എച്ച്.എ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!