കണ്ണൂർ ജില്ലയിൽ ബാലമിത്ര 2.0 പദ്ധതി തുടങ്ങി 

Share our post

പിണറായി : കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കുന്ന ആരോഗ്യവകുപ്പിന്റെ ബാലമിത്ര 2.0 പദ്ധതി ജില്ലയിൽ തുടങ്ങി. ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി (എൻ.എൽ.ഇ.പി) നടപ്പാക്കുന്ന പദ്ധതിയിൽ രോഗബാധ തുടക്കത്തിൽ തന്നെ കണ്ടെത്തി അവർക്ക് വിവിധ ഔഷധചികിത്സ (മൾട്ടി ഡ്രഗ്‌ തെറാപ്പി) ലഭ്യമാക്കുന്നതിലൂടെ അംഗവൈകല്യങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. രണ്ടു മുതൽ 18 വയസുവരെയുള്ള കുട്ടികളിലാണ്‌ പരിശോധന. അങ്കണവാടികൾ, നഴ്സറി സ്കൂൾ, സ്കൂളുകൾ എന്നിവയുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. നവംബർ 30വരെ നടത്തുന്ന ക്യാമ്പയിൻ തദ്ദേശം, വിദ്യാഭ്യാസം, വനിതാ ശിശുക്ഷേമം, സാമൂഹ്യനീതി, ഇൻഫർമേഷൻ ആൻഡ്‌ പബ്ലിക് റിലേഷൻ എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വേങ്ങാട് ഇ.കെ നായനാർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. തലശേരി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.പി. അനിത അധ്യക്ഷയായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ എം.പി. ജീജ മുഖ്യപ്രഭാഷണം നടത്തി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ പോസ്റ്റർ പ്രകാശിപ്പിച്ചു. വേങ്ങാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ഗീത, യു.പി. ശോഭ, സി. ചന്ദ്രൻ, ഡോ. കെ.ടി. രേഖ, ചന്ദ്രൻ കല്ലാട്ട്, പി.കെ. സുനീഷ്, എൻ.സി. ജസ്ലീന, ടി.എം. ബിജു, അംബിക, ലക്ഷ്മി കല്ലാട്ട്, വി.പി. ഷൈന, വി. സ്വാതി, ഡോ. അനുമോൾ ജോസ് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!