സാക്ഷരതാ മിഷനും പ്രേരക്മാരും ഇനി തദ്ദേശവകുപ്പില്‍
കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയെയും സാക്ഷരതാ പ്രേരക്മാരെയും തദ്ദേശ സ്വയംഭരണവകുപ്പിന്റെ ഭാഗമാക്കും. പ്രേരക്മാർക്ക് ഓണറേറിയം നൽകുന്നത് സംബന്ധിച്ച സർക്കാർ വിഹിതവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കേണ്ട വിഹിതവും സംബന്ധിച്ച് തദ്ദേശ സ്വയംഭരണവകുപ്പ് ധനവകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇതിന് തദ്ദേശ സ്വയംഭരണവകുപ്പിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ഉത്തരവ് പുറപ്പെടുവിക്കുന്ന തീയതിവരെയുള്ള ഓണറേറിയം കുടിശ്ശിക സാക്ഷരതാ മിഷൻ വിഹിതവും സർക്കാർ വിഹിതവും എന്ന നിലയിൽ നൽകും.
മിഷന്റെ തനത് ഫണ്ടുപയോഗിച്ച് സാക്ഷരതാ മിഷൻ നടത്തുന്ന കോഴ്സുകളുടെയും പരീക്ഷകളുടെയും അക്കാദമിക് ചുമതല നിലവിലുള്ളതുപോലെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിൽ നിലനിർത്തും. തദ്ദേശ സ്വയംഭരണവകുപ്പ് ഏറ്റെടുക്കുന്നതുവരെയുള്ള ബാധ്യതകൾ പൊതുവിദ്യാഭ്യാസവകുപ്പ് വഹിക്കും.
