കണ്ണൂർ: മേലെചൊവ്വയിൽ മേൽപ്പാത നിർമിക്കാനായി സമർപ്പിച്ച പദ്ധതി കിഫ്ബി അംഗീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് പദ്ധതി അംഗീകരിച്ചത്. വൈകാതെ ടെൻഡർ നടപടികളിലേക്ക് കടക്കും. മേൽപ്പാത നിർമാണത്തിന്റെ ഭാഗമായി കെട്ടിടം പൊളി പൂർത്തിയായിട്ടുണ്ട്. ദേശീയപാതക്കടിയിലെ കുടിവെള്ള പൈപ്പുകൾ വില്ലനായതോടെയാണ് മേലെചൊവ്വയിൽ അടിപ്പാതക്ക് പകരം മേൽപ്പാത നിർമിക്കാൻ തീരുമാനിച്ചത്.
ഫെബ്രുവരിയിൽ ടെൻഡർ നടപടികൾ തുടങ്ങാനിരിക്കെയാണ് അടിപ്പാതക്ക് പകരം മേൽപ്പാത നിർമിക്കാൻ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് സർക്കാൻ അനുമതി നൽകിയത്. മേലെചൊവ്വയിൽ റോഡിന് അടിയിലൂടെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പോകുന്നതാണ് അടിപ്പാത നിർമാണത്തിന് തിരിച്ചടിയായത്.
കെട്ടിടം പൊളിക്കൽ തീരാനായിട്ടും പൈപ് ലൈൻ മാറ്റിസ്ഥാപിക്കേണ്ട പ്രവൃത്തി കൂടി ഉൾപ്പെടുത്തേണ്ടതിനാൽ ടെൻഡർ നടപടിയിലേക്ക് കടന്നിരുന്നില്ല. ചൊവ്വ വാട്ടർ ടാങ്കിലേക്കുള്ള പൈപ്പ് ലൈൻ മാറ്റുമ്പോഴുള്ള സാങ്കേതിക പ്രശ്നം പരിഹരിക്കാൻ വിദഗ്ധരുടെ നിർദേശപ്രകാരമാണ് മാറ്റങ്ങൾ വരുത്തിയത്. മേൽപാലത്തിന്റെ ഡിസൈൻ അംഗീകരിച്ചതോടെ എത്രയും വേഗം ടെൻഡർ നടപടിയിലേക്ക് കടക്കാനാണ് തീരുമാനം.
കണ്ണൂർ -തലശ്ശേരി റൂട്ടിൽ മേലെചൊവ്വ ജങ്ഷനിൽ 310 മീറ്റർ നീളത്തിലും ഒമ്പത് മീറ്റർ വീതിയിലുമാണ് മേൽപ്പാത നിർമാണം. പാലത്തിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭാഗത്ത് അപ്രോച്ച് റോഡും വരുന്നതോടെ പാതയുടെ നീളം അൽപം വർധിക്കും.
നേരത്തേ അടിപ്പാതക്കായി പുതുക്കിയ എസ്റ്റിമേറ്റ് തുകയായ 34.6 കോടി രൂപ ചെലവിൽ തന്നെ മേൽപ്പാലവും പണിയാനാവും. കൂടുതൽ ഫണ്ട് വേണ്ടിവരില്ലെന്നാണ് വിലയിരുത്തൽ. മേൽപ്പാലത്തിനായി കൂടുതൽ സ്ഥലമോ കെട്ടിടങ്ങളോ ഏറ്റെടുക്കേണ്ടിവരില്ല. അടിപ്പാത നിർമാണം സംബന്ധിച്ച് പ്രതിസന്ധി രാമചന്ദ്രൻ കടന്നപ്പള്ളി നേരത്തേ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
ഇതേതുടർന്ന് കിഫ്ബി, വാട്ടർ അതോറിറ്റി അധികൃതർ കണ്ണൂരിലും തിരുവനന്തപുരത്തും ചർച്ച നടത്തി മേൽപ്പാതയെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. പൈപ് ലൈൻ മാറ്റുന്നത് പ്രായോഗികമല്ലാത്തതിനാലാണ് അടിപ്പാത ഉപേക്ഷിച്ചത്. പഴശ്ശിയിൽനിന്ന് മേലെചൊവ്വയിലെ ജല സംഭരണിയിലേക്ക് ഗ്രാവിറ്റി ഫോഴ്സിൽ വരുന്ന പൈപ് ലൈനായതിനാൽ ഉയർച്ചയോ താഴ്ചയോ ഉണ്ടായാൽ പമ്പിങ്ങിനെ ബാധിക്കും.
മേലെചൊവ്വയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ 2016ലെ ബജറ്റിലാണ് അടിപ്പാത അനുവദിച്ചത്. തലശ്ശേരി, മട്ടന്നൂർ ഭാഗത്തുനിന്നും കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങൾ ഏറെ റോഡിൽ കുരുങ്ങിയാണ് നഗരത്തിലെത്തുന്നത്. 52 സെന്റ് സ്ഥലവും 51 കെട്ടിടങ്ങളും 15.30 കോടി രൂപ ചെലവിലാണ് ഏറ്റെടുത്തത്.