അഭ്യൂഹങ്ങൾക്ക് വിരാമം; രണ്ടാം വന്ദേ ഭാരത് കാസർകോട്ടു നിന്ന്
കണ്ണൂർ : പുതുതായി അനുവദിച്ച വന്ദേഭാരതിന്റെ റൂട്ട് സംബന്ധിച്ച് പല ചർച്ചകളും ഉയർന്നിരുന്നുവെങ്കിലും നിലവിൽ സർവീസ് നടത്തുന്ന അതേ റൂട്ട് തന്നെ മതിയെന്നു റെയിൽവേ തീരുമാനിക്കുകയായിരുന്നു. ആദ്യ വന്ദേഭാരതിനു വേണ്ടി കാസർകോട് റെയിൽവേ സ്റ്റേഷനിൽ സൗകര്യങ്ങൾ ഒരുക്കിയതും നേട്ടമായി.
കോച്ചുകളിൽ വെള്ളം നിറയ്ക്കുന്നതിനുള്ള സംവിധാനവും ആദ്യ വന്ദേഭാരതിന്റെ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി കാസർകോട്ട് ചെയ്തിരുന്നു.കാസർകോട്ട് മൂന്ന് പ്ലാറ്റ്ഫോമുകൾ ഉള്ളതിനാൽ ട്രെയിൻ നിർത്തിയിടുന്നതിനും തടസ്സമില്ല.
മംഗളൂരുവിൽ പുതിയ പ്ലാറ്റ്ഫോം സജ്ജമായ സാഹചര്യത്തിൽ മംഗളൂരുവിൽ നിന്നായിരിക്കും സർവീസ് എന്ന അഭ്യൂഹവും ഉയർന്നിരുന്നു. എന്നാൽ തിരുവനന്തപുരം വരെ ഓടി തിരികെ മംഗളൂരുവിൽ എത്തുമ്പോൾ അറ്റകുറ്റപ്പണിക്ക് വേണ്ടത്ര സമയം ലഭിക്കില്ലെന്ന മെക്കാനിക്കൽ വിഭാഗത്തിന്റെ വാദം അംഗീകരിക്കുകയായിരുന്നു.
തുടർന്നാണ് നിലവിൽ തിരുവനന്തപുരത്തു നിന്നു വന്ദേഭാരത് പുറപ്പെടുന്ന സമയത്തു തന്നെ കാസർകോട് നിന്ന് രണ്ടാമത്തെ വന്ദേഭാരത് പുറപ്പെടുന്ന തരത്തിൽ സർവീസ് ക്രമീകരിക്കാൻ ധാരണയായത്. 16 റേക്കുള്ള ട്രെയിനാണ് നിലവിൽ സർവീസ് നടത്തുന്നത്.എട്ടു റേക്കുകളാണ് രണ്ടാം വന്ദേഭാരതിനുള്ളത്.
കേരളത്തിന് അനുവദിച്ച ട്രെയിൻ ചെന്നൈ കാട്പാടിയിൽ ഇന്നലെ രാത്രി ട്രയൽ റൺ നടത്തി.റേക്ക് കാസർകോടിന് പുറപ്പെടുന്നതു സംബന്ധിച്ച് ഇന്നോ നാളെയോ തീരുമാനമുണ്ടാകും.ആഴ്ചയിൽ ആറു ദിവസമായിരിക്കും സർവീസ്. ഒരു ദിവസം പൂർണമായും അറ്റകുറ്റപ്പണിക്കായി നീക്കിവയ്ക്കും.
തുടക്കത്തിൽ ട്രെയിൻ അറ്റകുറ്റപ്പണി തിരുവനന്തപുരത്തായിരിക്കും നടത്തുക. മംഗളൂരുവിലെ പിറ്റ് ലൈനിലെ സൗകര്യങ്ങളെക്കുറിച്ചും പാലക്കാട് ഡിവിഷനിൽ നിന്ന് റെയിൽവേ ബോർഡ് പാലക്കാട് ഡിവിഷനിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു.
