തമിഴ്നാട്ടിൽ ഷവർമ കഴിച്ച് 14 വയസുകാരി മരിച്ചു; 43 പേർ ചികിത്സയിൽ

ചെന്നൈ: തമിഴ്നാട് നാമക്കലിൽ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 14വയസുകാരി മരിച്ചു. നാമക്കല്‍ മുന്‍സിപ്പാലിറ്റി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയായ ടി. കലൈഅരസിയാണ് മരിച്ചത്. ചിക്കന്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഷവർമ കഴിച്ച് 43 പേർ ആശുപത്രിയിൽ ചികിത്സയിൽ ആയതോടെ പാരമതി വേലൂരിനു സമീപത്തെ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ജില്ലയിൽ ഷവർമയ്ക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.
14 വയസുകാരി ശനിയാഴ്ചയാണ് ഇവിടെ നിന്നു ഷവർമ കഴിച്ചത്. ആശുപത്രിയിൽ ചികിത്സ തേടിയവരിൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങളുമുണ്ടെന്ന് കളക്ടർ പറഞ്ഞു.
മാതാപിതാക്കൾക്കും സഹോദരനും ബന്ധുവിനുമൊപ്പമെത്തിയാണ് കലൈഅരസി ഷവർമ കഴിച്ചത്. ഫ്രൈഡ് റൈസും മറ്റ് ഇറച്ചി വിഭവങ്ങളും ഇതോടൊപ്പം കഴിച്ചിരുന്നു.
എന്നാൽ തിരികെ എ.എസ് പേട്ടയിലെ വീട്ടിലെത്തിയതോടെ പെൺകുട്ടി ഛർദി ആരംഭിച്ചു. ശാരീരിക അസ്വാസ്ഥ്യം കൂടിയതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച ഡോക്ടറെ കണ്ടു മടങ്ങിയ പെൺകുട്ടിയെ തിങ്കളാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശനി, ഞായർ ദിവസങ്ങളിലായി ഈ റസ്റ്ററന്റിൽ നിന്നും 200-ൽ അധികം ആളുകൾ ഭക്ഷണം കഴിച്ചതായാണ് വിവരം.
ഭക്ഷ്യവിഷബാധയേറ്റവരിൽ അഞ്ചുകുട്ടികളും ഒരു ഗർഭിണിയുമുണ്ട്. കൂടാതെ മെഡിക്കൽ വിദ്യാർഥികളായ 13 പേരും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരിൽ ഉൾപ്പെടുന്നു.
സംഭവത്തിനു പിന്നാലെ അധികൃതർ എത്തി സാന്പിളുകൾ ശേഖരിക്കുകയും ഹോട്ടലുടമയെയും പാചകക്കാരായ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.