രാത്രിയാത്രയിലെ ആശങ്ക അകലുന്നു; കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിച്ചു

Share our post

കണ്ണൂർ : ജില്ലയിൽ കോവിഡിനു ശേഷം നിലച്ചു പോയ സർവീസുകൾ പുനരാരംഭിച്ചു കെ.എസ്.ആർ.ടി.സി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള 3 രാത്രികാല സർവീസുകളാണു കെ.എസ്.ആർ.ടി.സി പുനരാരംഭിച്ചത്. രാത്രിയാത്രയ്ക്ക് ആശ്രയിച്ചിരുന്ന സർവീസുകൾ നിർത്തിയതോടെ കടുത്ത ബുദ്ധിമുട്ടിലായിരുന്നു യാത്രക്കാർ.

സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ജില്ലാ വികസന സമിതിയിൽ എം.എൽ.എമാരും മറ്റു ജനപ്രതിനിധികളും ഇക്കാര്യം ആവശ്യപ്പെട്ടതിനു പിന്നാലെയാണു സർവീസ് പുനഃസ്ഥാപിച്ചത്.

മലയോര മേഖലയായ ആലക്കോട് അരിവിളഞ്ഞപൊയിലിലേക്കും കാസർകോട്ടേക്കും രാത്രിയുള്ള സർവീസാണു പുനരാരംഭിച്ചത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രാത്രി എത്തുന്ന എക്സിക്യൂട്ടീവ് ട്രെയിന്റെ കണക്‌ഷൻ ബസ് ആയി തളിപ്പറമ്പ്–ആലക്കോട് വഴി അരിവിളഞ്ഞപൊയിലിലേക്കു രാത്രി 11.40നു റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് ബസ് പുറപ്പെടും.

ഇതിനു പുറമേ എക്സിക്യൂട്ടീവ് – ജനശതാബ്ദി ട്രെയിനുകൾക്കു കണക്‌ഷനായി 2 ബസുകളും കാസർകോട്ടേക്കു സർവീസ് പുനരാരംഭിച്ചു. രാത്രി 11.40, 12.20 എന്നിങ്ങനെയാണു റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് ബസ് പുറപ്പെടുന്ന സമയം.

ഇതിനുപുറമേ, കോവിഡിനു മുൻപ് സർവീസ് നടത്തിയിരുന്ന കണ്ണൂരിൽ നിന്ന് മാമാക്കുന്ന് വഴിയുള്ള തലശ്ശേരി ബസും സർവീസ് തുടങ്ങി. രാവിലെ 7.35ന് തലശ്ശേരി –കണ്ണൂർ, 8.45ന് കണ്ണൂർ –തലശ്ശേരി, ഉച്ചയ്ക്ക് 1.30ന് കണ്ണൂർ –തലശ്ശേരി, 2.40ന് തലശ്ശേരി– കണ്ണൂർ എന്നിങ്ങനെയാണ് ട്രിപ്പുകൾ.

കണ്ണൂരിൽ നിന്നു വൈകിട്ട് 5നും, 5.30നും മാമാക്കുന്ന് വഴി തലശ്ശേരിയിലേക്കും ബസ് സർവീസ് ഉണ്ട്. ശേഷിക്കുന്ന നിലച്ച സർവീസുകൾ ഉടൻ പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!