120 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചു
ഇരിട്ടി : പായം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ജില്ലാ എൻഫോഴ്‌മെന്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ 120 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചു.
വള്ളിത്തോട് ആനപ്പന്തിക്കവലയിലെ മെട്രോ സ്റ്റോഴ്സിന്റ ഗോഡൗണിൽ നിന്ന് പ്ലാസ്റ്റിക് ക്യാരി ബാഗ്, പേപ്പർ കപ്പുകൾ, നിയമപ്രകാരമുള്ള വിവരങ്ങളോ ഉൽപാദകന്റെ പേരോ രേഖപ്പെടുത്താത്ത പ്ലാസ്റ്റിക് കവറുകൾ എന്നിവ സ്ക്വാഡ് കണ്ടെത്തി.
10,000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് പഞ്ചായത്തിന് നിർദേശം നൽകി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് എൻഫോഴ്സ്‌മെന്റ് സ്കാഡ് ലീഡർ ഇ.പി. സുധീഷ് അറിയിച്ചു. സ്ക്വാഡ് അംഗങ്ങളോടൊപ്പം പായം പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ട് എ.ജി. സുഭാഷ്, പി.കെ. റീജ, അബ്ദുളള, എൻ.സുരേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
