പി.പി.മുകുന്ദൻ കർമയോഗിയായ സാമൂഹികപ്രവർത്തകൻ- ഗവർണർ
തിരുവനന്തപുരം : സാധാരണക്കാർക്കു വേണ്ടി അർപ്പിത ജീവിതം നയിച്ച കർമയോഗിയായിരുന്നു പി.പി.മുകുന്ദനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ബി.ജെ.പി. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പി.പി.മുകുന്ദൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിൽപ്പെട്ടവർ അനുശോചനത്തിന് ഒത്തുചേർന്നത് അദ്ദേഹത്തിന്റെ നിസ്വാർഥമായ സേവനത്തിന്റെ തെളിവാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ പ്രവർത്തനമികവ് ഈ ജീവിതത്തെ അർഥപൂർണമാക്കിയതായും ഗവർണർ പറഞ്ഞു.
എല്ലാവരോടും വ്യക്തിപരമായി സൗമ്യമായി പെരുമാറുകയും എന്നാൽ, സംഘടനാകാര്യങ്ങളിൽ കർക്കശമായ നിലപാടെടുക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു പി.പി.മുകുന്ദനെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എല്ലാ വിഭാഗത്തിലുള്ളവരുമായും എല്ലാ രാഷ്ട്രീയകക്ഷിയിലുള്ളവരുമായും സൗഹൃദം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു പി.പി.മുകുന്ദനെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
മന്ത്രി ആന്റണി, കുമ്മനം രാജശേഖരൻ, ഒ.രാജഗോപാൽ, എം.എം.ഹസൻ, സി.ദിവാകരൻ, സി.പി.ജോൺ, എസ്.സേതുമാധവൻ, കെ.രാമൻപിള്ള, വി.വി.രാജേഷ്, എം.എസ്.കുമാർ തുടങ്ങിയവർ സംസാരിച്ചു.
