സ്‌കൂളുകളിൽ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപവത്കരിക്കും- മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: പി.ടി.എ., പൂർവവിദ്യാർഥികൾ, എസ്.എം.സി. സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണസമിതി രൂപവത്കരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേക്കും പ്രഭാതഭക്ഷണ പരിപാടി വ്യാപിപ്പിക്കാനുള്ള സാധ്യതകൾ പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുകയാണെന്നും പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വഫണ്ട് ഉച്ചഭക്ഷണ പദ്ധതിയുമായി കൂട്ടിച്ചേർക്കാനാകുമോയെന്ന് പരിശോധിക്കും. ഇതിനായി കർമപദ്ധതി തയ്യാറാക്കും. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ഷാനവാസിനാണ് ചുമതല.
2023-24 അധ്യയനവർഷം ഉച്ചഭക്ഷണ വിതരണത്തിന് കേന്ദ്രസഹായം ലഭിക്കാത്തതിനാൽ നടപ്പ് വർഷത്തെ സംസ്ഥാന മാൻഡേറ്ററി വിഹിതത്തിൽനിന്ന് ആദ്യ ഗഡുവായി 81.57 കോടി രൂപ അനുവദിച്ചു. ഇത് പ്രധാനാധ്യാപകർക്ക് നൽകാൻ നടപടിയായി.
