400 കെ.വി ലൈൻ: മാർക്കറ്റ് വിലയുടെ മൂന്നിരട്ടി നഷ്ടപരിഹാരം ആവശ്യം
ഇരിട്ടി: കരിന്തളം വയനാട് 400 കെ.വി ലൈനുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടപ്പെടുന്ന കൃഷിക്കാർക്ക് ടവർ സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ മാർക്കറ്റ് വിലയുടെ മൂന്നിരട്ടിയും ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിൽ രണ്ടിരട്ടിയും നഷ്ടപരിഹാരം നൽകണമെന്ന് സ്ഥലം നഷ്ടപ്പെടുന്ന കൃഷിക്കാരുടെ യോഗം ആവശ്യപ്പെട്ടു.
നഷ്ടപ്പെടുന്ന മരങ്ങളുടെ നിലവിലുള്ള മാർക്കറ്റ് വില നൽകണമെന്നും സ്ഥലങ്ങളുടെ വില പല പ്രദേശങ്ങളിലും വ്യത്യസ്തമായതിനാൽ ആ പ്രദേശങ്ങളുടെ സ്ഥലത്തിന്റെ വാല്യൂ അനുസരിച്ച് വില നിശ്ചയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇരിട്ടി സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ നടന്ന യോഗം എം.എൽ.എ അഡ്വ: സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു .
മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, അയ്യങ്കുന്ന് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, മണിക്കടവ് ഫൊറോന വികാരി ഫാദർ പയസ് പടിഞ്ഞാറെമുറി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല, അഡ്വ. കെ.എ. ഫിലിപ്പ് , ബെന്നി പുതിയാമ്പുറം, പൈലി വാത്യാട്ട്, അൽഫോൻസ് കളപ്പുര, മിനി വിശ്വനാഥൻ, രാജി സന്തോഷ്, ജാൻസി കുന്നേൽ, സജീ മച്ചിത്താനി, ജോർജ് ഒരപ്പാംകുഴി, സെന്നിസ് മാണി, ഷാജു എടശ്ശേരി, ജോൺസൻ അണിയറ എന്നിവർ പ്രസംഗിച്ചു. 300 റോളം കർഷകർ യോഗത്തിൽ സംബന്ധിച്ചു.
