ദേശീയപാത നിർമാണം; എടക്കാട് ബസാർ വഴി പോകുന്ന പാത അടച്ചു
എടക്കാട്: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി എടക്കാട് ബസാർ വഴിയുള്ള ഗതാഗതം താൽകാലികമായി നിരോധിച്ചു. ദേശീയപാത 66 പ്രവൃത്തിയുടെ ഭാഗമായുള്ള ഓവുചാൽ നിർമാണത്തെ തുടർന്നാണ് ഗതാഗതം നിരോധിച്ചത്. റോഡിനടിയിലൂടെ ഒരു ഭാഗത്ത് നിന്നും മറുഭാഗത്തേക്കുള്ള ഓവുചാൽ പ്രവൃത്തിയാണ് നടക്കുന്നത്.
ഇതോടെ ലോക്കൽ ബസുകളും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളും കാടാച്ചിറ-തലശ്ശേരി റൂട്ടിൽ ഓടുന്ന ബസുകളും പെട്രോൾ പമ്പിന് സമീപത്തെ ഇണ്ടേരി ശിവക്ഷേത്രത്തിന് മുന്നിലെ യു. ടേൺ വഴി ബൈപാസിലെ പുതിയ ഹൈവേ കടന്നു പോകുന്ന റോഡിലൂടെയാണ് പോകുന്നത്. ബസാറിൽ തന്നെ ഒരു ഭാഗത്തെ അടിപ്പാതയുടെ നിർമാണവും നടക്കുന്നതിനാൽ ഗതാഗതക്കുരുക്കുമുണ്ട്.
എടക്കാട് നിന്നും ബീച്ച് റോഡിലേക്ക് പോകുന്ന പാച്ചാക്കര റോഡിലെ റെയിൽവേ ഗേറ്റടക്കുന്ന സമയത്ത് വാഹനങ്ങളുടെ നീണ്ട നിരയാണ്. ഗതാഗത തടസ്സം ഒഴിവാക്കാൻ പൊലീസിന്റെ സാന്നിധ്യം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ബസാർ കുരുക്കിലായതോടെ കാൽനടക്കാരാണ് ഏറെ ദുരിതത്തിലായത്. ചെറിയ ദൂരം നടക്കേണ്ടവർ പോലും യാത്രക്ക് ഓട്ടോയെ ആശ്രയിക്കുകയാണ്.
