ലൈഫ് സൈക്കിൾ ഈസ് ബ്യൂട്ടിഫുൾ; ഹരിതകർമ സേനാംഗങ്ങളെ സഹായിച്ച് താരങ്ങളായി വിദ്യാർഥികൾ

Share our post

തളിപ്പറമ്പ് : ഹരിതകർമസേനാംഗങ്ങൾ ചുമന്നു കൊണ്ടു പോകുകയായിരുന്ന പ്ലാസ്റ്റിക് മാലിന്യം നിറച്ച ചാക്കുകൾ സ്വന്തം സൈക്കിളുകളിൽ കയറ്റി സംഭരണ കേന്ദ്രത്തിലെത്തിച്ച് യു.പി സ്കൂൾ വിദ്യാർഥികൾ. കുറുമാത്തൂർ പഞ്ചായത്തിലെ കോട്ടുപുറം സ്വദേശികളായ കുറുമാത്തൂർ യു.പി സ്കൂൾ 5ാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷിഫാസ് (9), അയൽവാസി മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഹാദി (8) എന്നിവരാണ് നാടിന്റെ കയ്യടി നേടിയത്.

സൈക്കിളിൽ മാലിന്യച്ചാക്കുകളുമായി പോകുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അഭിനന്ദനമെത്തി. മന്ത്രി എം.ബി.രാജേഷ് പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ട് കുട്ടികളുടെ വിവരങ്ങൾ തേടുകയും ഫെയ്സ്ബുക്കിൽ ഇതു പങ്കുവയ്ക്കുകയും ചെയ്തു.

ഹരിതകർമസേനാംഗങ്ങളായ രാജിയും ബിന്ദുവും ശനിയാഴ്ച രണ്ടരയോടെ, ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ചാക്കിലാക്കി നടന്നുവരുമ്പോൾ കോട്ടുപുറത്തു വച്ച് ഇവർക്കു പിന്നിലായി മുഹമ്മദ് ഷിഫാസും മുഹമ്മദ് ഹാദിയും സൈക്കിളുകളിൽ വരുന്നുണ്ടായിരുന്നു. ചാക്കുകൾ തങ്ങളുടെ സൈക്കിളിൽ വയ്ക്കാ‍ൻ കുട്ടികൾ പറഞ്ഞു.

രാജിയും ബിന്ദുവും മടിച്ചപ്പോൾ നിർബന്ധപൂർവം കുട്ടികൾതന്നെ ചാക്കുകൾ സൈക്കിളി‍ൽ വച്ച് ഒരു കിലോമീറ്ററോളം അകലെയുള്ള സംഭരണകേന്ദ്രത്തിൽ എത്തിച്ചു. രാജിയും ബിന്ദുവും സന്തോഷപൂർവം മിഠായി വാങ്ങി നൽകിയപ്പോൾ, മിഠായിക്കവർ വലിച്ചെറിയാതെ പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം വച്ച് കുട്ടികൾ വീണ്ടും ഞെട്ടിച്ചതായി ഇരുവരും പറഞ്ഞു.

കോട്ടുപുറം ബഷീർ ബാബയുടെയും തബ്‍ലീനയുടെയും മകനാണു മുഹമ്മദ് ഷിഫാസ്. കെ.പി.അഷ്റഫിന്റെയും തസ്‍ലീമയുടെയും മകനാണ് ഹാദി. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീനയും സ്കൂൾ അധികൃതരും ജില്ലാ ശുചിത്വമിഷൻ അധികൃതരും ഇവരുടെ വീടുകളിലെത്തി അഭിനന്ദിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!