ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
കണ്ണൂർ : ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി ശക്തിപ്പെടുത്തുന്നു. ഓപ്പറേഷന്‍ ഫോസ്‌കോസ് എന്ന പേരില്‍ ഭക്ഷ്യസുരക്ഷ ലൈസന്‍സ് പരിശോധന ഇപ്പോൾ സംസ്ഥാനത്ത് നടക്കുകയാണ്. ഭക്ഷ്യസുരക്ഷ നിയമം 2006 സെക്ഷന്‍ 63 പ്രകാരം ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഇല്ലാതെ ഭക്ഷ്യ സ്ഥാപനം നടത്തുന്നത് ആറ് മാസം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
2012-ല്‍ നിയമം പ്രാബല്യത്തില്‍ വന്നുവെങ്കിലും ഇപ്പോഴും ലൈസന്‍സ് ഇല്ലാത്ത ഭക്ഷ്യ ഉല്പാദന, സംഭരണ, വിതരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഹോട്ടലുകള്‍ മാത്രമല്ല പലചരക്ക് കടകള്‍, പച്ചക്കറി കടകള്‍, പഴക്കടകള്‍, കാന്‍റീനുകള്‍, മത്സ്യ-മാംസ വില്പന ശാലകള്‍, വീടുകളിലുളള കേക്ക് നിര്‍മ്മാണം, ഉന്ത് വണ്ടികള്‍ കൊണ്ടുനടന്ന് വില്പന നടത്തുന്ന തട്ടുകടകള്‍ എന്നിവയെല്ലാം ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണ്. ദിവസം 3500 രൂപയില്‍ താഴെ മാത്രം വില്പന ഉളളതും ഒരാള്‍ തനിയെ നടത്തുന്നതും കൊണ്ട് നടന്നുളള വില്പനയ്ക്കും മാത്രമാണ് രജിസ്‌ട്രേഷന്‍ പരിധിയില്‍ വരുന്നത്.
നിരവധി മറ്റ് സ്ഥാപങ്ങള്‍ തെറ്റായ സത്യവാങ്ങ്മൂലം നല്‍കി ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അത്തരം സ്ഥാപനങ്ങള്‍ അടപ്പിച്ച് നിയമ നടപടി സ്വീകരിക്കുന്നതാണ്. ദിവസം 3500 രൂപയില്‍ കൂടുതല്‍ കച്ചവടം നടക്കുന്ന എല്ലാ സ്ഥാപനങ്ങളും 2000 രൂപ ഫീസടച്ച് ലൈസന്‍സ് എടുക്കേണ്ടതാണെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനം കണ്ടെത്തിയാല്‍ അടപ്പിച്ച് നിയമ നടപടി സ്വീകരിക്കും.
തടസം ഉണ്ടായാല്‍ ആവശ്യമായ പോലീസ് സഹായം തേടാന്‍ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാത്തതും ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കുന്നുമായ സ്ഥാപനങ്ങള്‍ പരിശോധനയ്ക്ക് മുമ്പ് ലൈസന്‍സ് അപേക്ഷ നല്‍കേണ്ടതാണ്. ലൈസന്‍സ് ഉളള സ്ഥാപനങ്ങള്‍ അവ പ്രദര്‍ശിപ്പിക്കേണ്ടത് നിര്‍ബന്ധവുമാണ്.
