ഷോറൂമുകാരനെ കാർ കാണിച്ചു പറ്റിച്ച് പണം തട്ടിയെടുത്തയാൾ അറസ്റ്റിൽ
കല്പറ്റ: ഒ.എൽ.എക്സിൽ മറ്റൊരാളുടെ കാർ കാണിച്ച് യൂസ്ഡ് കാർ ഷോറൂമുകാരനിൽ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയകേസിൽ യുവാവിനെ കല്പറ്റ സൈബർ ക്രൈം പോലീസ് വിജയവാഡയിൽവെച്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാവിലുംപാറ സൽമാനുൽ ഫാരിസിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്.
തിനപുരം സ്വദേശിയുടെ പരാതിയിലാണ് നടപടി. കാവുമന്ദം സ്വദേശി ഒ.എൽ.എക്സിൽ വിൽപ്പനക്കിട്ട കാറാണ് സൽമാനുൽ ഫാരിസ് സ്വന്തം കാറാണെന്ന് പറഞ്ഞ് കബളിപ്പിച്ചത്. കാർ നേരിട്ടുകാണിച്ച് ഒന്നരലക്ഷം രൂപ വാങ്ങിക്കുകയും ചെയ്തു.
ഇതേ സമയം തന്നെ കാറിന്റെ യഥാർഥ ഉടമയോട് സൽമാനുൽ ഫാരിസ് രണ്ടര ലക്ഷത്തിന് കച്ചവടവുമുറപ്പിച്ചു. ഇയാളുടെ ‘അളിയന്റെ’ കാറാണെന്ന് പറഞ്ഞാണ് യൂസ്ഡ് കാർ ഷോറും ഉടമയെ സമീപിച്ചത്. രണ്ടര ലക്ഷത്തോളം വിലവരുന്ന കാർ ഒന്നര ലക്ഷത്തിന് കച്ചവടവുമുറപ്പിച്ചു. വില കുറവായതുകൊണ്ടും കാർ നേരിട്ട് കാണിച്ച് വിശ്വാസ്യത നേടിയതുകൊണ്ടും അയാൾക്ക് മുഴുവൻ തുകയും കൊടുത്തു.
കാർ കിട്ടാതെവന്ന് യഥാർഥ ഉടമയെ സമീപിച്ചപ്പോഴാണ് സൽമാനുൽ ഫാരിസ് തട്ടിപ്പുനടത്തിയതാണെന്നും കാറിന്റെയും ഉടമയും അയാളും തമ്മിൽ പരിചയം പോലുമില്ലെന്നും മനസ്സിലായത്. ഉടമയോട് നേരിട്ടുസംസാരിച്ചാൽ വിലയുടെ കാര്യത്തിൽ പ്രശ്നമുണ്ടാവും എല്ലാം താൻ കൈകാര്യം ചെയ്തുകൊള്ളാമെന്ന് സൽമാൻ നേരത്തേ പറഞ്ഞിരുന്നു. അതുകൊണ്ട് യഥാർഥ ഉടമയുമായി സംസാരിക്കാഞ്ഞതാണ് വഞ്ചിക്കപ്പെടാൻ കാരണം.
സൽമാൻ നേരത്തേയും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 12 സ്റ്റേഷനുകളിലായി കേസുണ്ട്. കല്പറ്റ പോലീസ് നേരത്തേയും ഇയാളെ അറസ്റ്റു ചെയ്തിരുന്നു. ഒ.എൽ.എക്‌സിൽ ആളുകൾ വിൽപ്പനക്കിടുന്ന കാറിന്റെ വിശദാംശങ്ങളെടുത്ത് അതിന് സമീപത്തുള്ള ഏതെങ്കിലും യൂസ്ഡ് കാർ ഷോറൂമുകാരനെ കബളിപ്പിക്കലാണ് ഇയാളുടെ സ്ഥിരം പരിപാടിയെന്നും പോലീസ് പറഞ്ഞു.
വിജയവാഡയിൽവെച്ച് ആന്ധ്രാപോലീസാണ് ആദ്യം ഇയാളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ നിന്ന് ഇയാൾ ചാടിപ്പോയെങ്കിലും ഉടൻതന്നെ പിടികൂടി. തുടർന്ന് കല്പറ്റയിൽ നിന്ന് സൈബർ ക്രൈംപോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫ്, സിവിൽ പോലീസ് ഓഫീസർ ജിസൺ ജോർജ് എന്നിവരെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കൊണ്ടുവരുകയായിരുന്നു.
