കുരങ്ങന്‍റെ വികൃതി! ചുരത്തിൽ നിന്ന് കൊക്കയിലേക്ക് എറിഞ്ഞത് 75000 രൂപയുടെ ഐഫോൺ
വയനാട്: വികൃതി കുരുങ്ങൻ ചുരത്തിന് താഴെ കൊക്കയിലേക്ക് എറിഞ്ഞ ഐ ഫോണ്‍ വിനോദ സഞ്ചാരിക്ക് വീണ്ടെടുത്ത് നൽകി അഗ്നിശമന സേന. വയനാട്ടിലാണ് സംഭവം. കോഴിക്കോട് പെരുമണ്ണ സ്വദേശി പിലാത്തോട്ടത്തിൽ ജാസിം എന്നയാളുടെ 75000 രൂപ വില വരുന്ന ഐ ഫോണ്‍ 12 പ്രോ ആണ് കുരങ്ങ് ചുരത്തില്‍ എറിഞ്ഞത്.
കോഴിക്കോട് നിന്ന് വയനാട് കാണാൻ ജീപ്പിലെത്തിയ സംഘം വ്യൂ പോയിന്‍റില്‍ കാഴ്ചകള്‍ കാണുകയായിരുന്നു. ഇതിനിടെ ജീപ്പില്‍ നിന്ന് ഫോണ്‍ എടുത്ത കുരങ്ങൻ ചുരം വ്യൂ പോയിന്‍റിന്‍റെ അവിടെ താഴേക്ക് എറിയുകയായിരുന്നു.
ഫോണ്‍ എടുക്കാൻ ഒരു മാര്‍ഗവും ഇല്ലാതെ വന്നതോടെയാണ് ജാസിം ഫയര്‍ഫോഴ്സിനെ വിളിക്കുന്നത്. രാവിലെ ഒമ്പതോടെയാണ് വ്യൂ പോയിന്‍റില്‍ നിന്ന് വിളിയെത്തിയതെന്ന് കല്‍പ്പറ്റ ഫയര്‍ഫോഴ്സ് അറിയിച്ചു. ഉടൻ തന്നെ പ്രദേശത്ത് ഫയര്‍ഫോഴ്സ് സംഘം എത്തി.
ഫയര്‍മാനായ ജിതിൻ കുമാര്‍ എം റോപ്പ് കെട്ടി താഴെയിറങ്ങി ഫോണ്‍ എടുത്ത ശേഷം ഉടമയ്ക്ക് തിരികെ നൽകി.30 മിനിറ്റ് നീണ്ട പരിശ്രമത്തിന് ഒടുവിലാണ് താഴെയിറങ്ങി ഫോണ്‍ എടുക്കാനായത്. ഫോണിന് പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും ഫയര്‍ഫോഴ്സ് അറിയിച്ചു. അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ അനിൽ പി. എം, ഫയർമാൻമാരായ അനൂപ് എൻ. എസ്, ധനീഷ്കുമാർ എം.പി, ഷറഫുദീൻ ബി, ഹോം ഗാർഡ് പ്രജീഷ് കെ. ബി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
