കെ.എസ്.ആർ.ടി.സിയിൽ ഷെഡ്യൂൾ പരിഷ്കരണം ഒക്ടോബർ ഒന്നിന്
കെ.എസ്.ആർ.ടി.സിയിൽ പുതിയ ഷെഡ്യൂൾ പരിഷ്കരണം ഒക്ടോബർ ഒന്നുമുതൽ നടപ്പാക്കും. നിലവിൽ നെയ്യാറ്റിൻകര, നെടുമങ്ങാട് യൂണിറ്റുകളിൽ നടപ്പാക്കിയ മാതൃകയിലാണ് സംസ്ഥാനമാകെ ഷെഡ്യൂൾ പരിഷ്കരിക്കുന്നത്.
നിലവിലെ അധികസമയ സിംഗിൾ ഡ്യൂട്ടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജീവനക്കാർ അസംതൃപ്തരാണ്. പല ഘട്ടങ്ങളിലും ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർ ഇതിനെതിരേ പ്രതികരിച്ചിട്ടുമുണ്ട്. അധികസമയ സിംഗിൾ ഡ്യൂട്ടി കൊണ്ട് ജീവനക്കാരെ ദ്രോഹിക്കാം എന്നതിനപ്പുറം വരുമാന വർധനവ് നേടാൻ കഴിയുന്നില്ല എന്നാണ് ജീവനക്കാരുടെ ആക്ഷേപം.
കഴിഞ്ഞ 17 – ന് നടത്തിയ അംഗീകൃത തൊഴിലാളി സംഘടനകളുടെ യോഗത്തിൽ ഈ വിഷയം ഗൗരവമായ ചർച്ചയ്ക്ക് വഴിയൊരുക്കി. തൊഴിലാളിസംഘടനകൾ ഷെഡ്യൂൾ തയാറാക്കി സർവീസ് നടത്തി വരുമാന വർധനവ് നേടാം എന്നായിരുന്നു സംഘടനകളുടെ നിർദേശം.
ഇതിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര, നെടുമങ്ങാട് യൂണിറ്റുകളിൽ കഴിഞ്ഞ 21 മുതൽ തൊഴിലാളി സംഘടനകൾ കൂടിച്ചേർന്ന് തയാറാക്കിയ ഷെഡ്യൂൾ പരിഷ്കരണം നടപ്പാക്കിയിരുന്നു. ഇത് വിജയമാണെന്ന് ബോധ്യമായതിന്റെഅടിസ്ഥാനത്തിലാണ് സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നത്.
എല്ലാ യൂണിറ്റുകളിലും തൊഴിലാളി സംഘടനകൾ ചേർന്ന് ഷെഡ്യൂളുടെ പട്ടിക തയാറാക്കാൻ നിർദേശം നല്കിയിട്ടുണ്ട്. ഷെഡ്യൂളുകളുടെ കരട് പട്ടിക 20 -ന് മുമ്പ് യൂണിറ്റുകളിൽ നിന്ന് ചീഫ് ഓഫീസിൽ എത്തിക്കണം.
