‘ഷീ’ക്ക്‌ ഒന്നാം പിറന്നാൾ

Share our post

കണ്ണൂർ : ‘നമ്മളൊക്കെ വയസായില്ലേ. ഇത്‌ നേരത്തെ തുടങ്ങിയിരുന്നെങ്കിൽ കാല്‌ വേദനയൊക്കെ പണ്ടേ മാറിയേനെ’…. കതിരൂർ ഷീ ജിമ്മിലെ പ്രായംകൂടിയ ചേച്ചിയുടെ പരിഭവത്തിന്‌ ‘ഇവിടെ പ്രായത്തിനെന്തുകാര്യമെന്ന്‌’പറഞ്ഞ്‌ ചേർത്തുപിടിച്ചാണ്‌ ഒപ്പമുള്ളവർ മറുപടിനൽകിയത്‌. ഒരുവർഷം പിന്നിടുന്ന കതിരൂർ ‘ഷീ’യിലൂടെ ജീവിതചര്യകൾ മാറിയവർക്ക്‌ ഈ കൂട്ടായ്‌മ ഒരു കരുത്തുകൂടിയാണ്‌. വിശേഷ അവസരങ്ങളിൽ മധുരം വിതരണം ചെയ്‌തും ഓണവും ക്രിസ്‌മസും പെരുന്നാളും ഒത്തൊരുമിച്ച്‌ ആഘോഷിച്ചും ‘ഷീ’യിലെ ദിവസങ്ങൾ ആരോഗ്യത്തിലേക്കുള്ള ചുവടുവയ്‌പാക്കുകയാണ്‌ ഇവർ. ഒരുദിവസത്തെ വിനോദയാത്രയും ഇവർ സംഘടിപ്പിച്ചു.

സ്‌ത്രീകളുടെ ആരോഗ്യം മുൻനിർത്തി കതിരൂർ പഞ്ചായത്ത്‌ ഒരുക്കിയ വനിതകളുടെ ജിമ്മായ ‘ഷീ’ പ്രവർത്തനത്തിന്റെ ഒരുവർഷമാണ്‌ പൂർത്തിയാക്കുന്നത്‌. പഞ്ചായത്തുകൾ ജിം നിർമിക്കുന്ന പദ്ധതി സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്നത് കതിരൂരിലാണ്. 6 ലക്ഷം ചെലവിട്ടാണ് ജിം നിർമിച്ചത്. പൊന്ന്യം സ്രാമ്പിയിൽ സൈക്ലോൺ ഷെൽട്ടർ കെട്ടിടത്തിന്റെ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന ജിമ്മിൽ ഇതുവരെ 241 പേർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. ജോലിക്ക്‌ പോകുന്നവർക്കും ജോലിയില്ലാത്തവർക്കും കൃത്യമായി വിനിയോഗിക്കാൻ കഴിയും വിധത്തിലാണ്‌ ജിമ്മിന്റെ പ്രവർത്തനം. വിസ്‌മയ വിനോദ്‌ ആണ്‌ പരിശീലക.
രാവിലെ ആറ്‌ മുതൽ ജിം സജീവമാകും. ഓരോരുത്തരുടെയും ആരോഗ്യവും ശാരീരികക്ഷമതയും പരിഗണിച്ച്‌ പരിശീലകയുടെ കൃത്യമായ നിരീക്ഷണത്തിലാണ്‌ പരിശീലനം.

പഠിക്കാനും ജോലിക്കും പോകുന്നവർ ഒമ്പതുവരെയുള്ള സമയത്താണ്‌ ഏറെയും എത്തുന്നത്‌. മക്കളെല്ലാം സ്‌കൂളിൽ പോയശേഷം വീട്ടുജോലിയും ഒതുക്കി 11 വരെയുള്ള സമയത്തും നിരവധി പേർ എത്തുന്നുണ്ട്‌. ഉച്ചയ്‌ക്ക്‌ ശേഷം മൂന്ന്‌ മുതൽ ഏഴ്‌ വരെയുള്ള സമയും ജോലിക്ക്‌ പോയി തിരിച്ചെത്തുന്നവരാണ്‌ എത്തുക. സുംബ ഡാൻസും പരിശീലിപ്പിക്കുന്നുണ്ട്‌. വ്യായാമം ഇല്ലായ്‌മ കാരണം വിവിധ രോഗങ്ങൾ പിടിപെടാൻ തുടങ്ങിയതോടെ സ്ഥിരമായി ജിമ്മിലെത്തുന്നവരും കൃത്യമായ വ്യായാമത്തിലൂടെ ആരോഗ്യം നേടിയവരും ഏറെ.

ഷീ ജിമ്മിന്റെ വിപുലമായ വാർഷികാഘോഷം ഞായർ രാത്രി ഏഴിന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി സനിൽ ഉദ്‌ഘാടനംചെയ്യും. കലാ കായിക മത്സരങ്ങളും നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!