കോൺഗ്രസ് നേതാവിൻ്റെ സ്കൂട്ടി കിണറ്റിലിട്ടു
തളിപ്പറമ്പ: തളിപ്പറമ്പിൽ കോൺഗ്രസ് നേതാവിൻ്റെ സ്കൂട്ടി കിണറ്റിലിട്ടു. കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി മാവില പത്മനാഭന്റെ സ്കൂട്ടിയാണ് രാത്രിയുടെ മറവിൽ കിണറ്റിൽ തള്ളി നശിപ്പിച്ചത്. ആഗസ്ത് 30ന് ഇതേ സ്കൂട്ടിയുടെ സീറ്റും ടയറും കുത്തിക്കീറി നശിപ്പിച്ചിരുന്നു. സംഭവത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. തളിപ്പറമ്പ് കൊട്ടാരം യു.പി സ്കൂളിന് സമീപത്തെ വീട്ടിൽ നിർത്തിയിട്ടതായിരുന്നു മാവില പത്മനാഭന്റെ സ്കൂട്ടർ. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തളിപ്പറമ്പ് അഗ്നി രക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫിസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിലുള്ള സംഘം പാതാളക്കരണ്ടി ഉപയോഗിച്ച് സ്കൂട്ടി ഉയർത്തി വടം കെട്ടി നിർത്തി. പിന്നീട് കെ.കെ അമീറലി, കെ.കെ ആഷിഫ് എന്നിവരുടെ നേതൃത്വത്തിൽ കുപ്പം ഖലാസികൾ എത്തിയാണ് സ്കൂട്ടി പുറത്തെടുത്തത്.
