ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി; ചെറുകിട നിക്ഷേപ പദ്ധതികളിലെ പണം ബ്ലോക്കാവും

Share our post

മുംബൈ: ചെറുകിട നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിച്ചിട്ടുള്ളവര്‍ അക്കൗണ്ടുകളുമായി ആധാര്‍ ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാണ്. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‍കീം, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയ്ക്കൊക്കെ ഇത് ബാധകമാണ്. അക്കൗണ്ടുള്ള പോസ്റ്റ് ഓഫീസിലോ ബാങ്കിലോ ആധാര്‍ നല്‍കണം.

സെപ്റ്റംബര്‍ 30 വരെയാണ് ഇത്തരം ചെറുകിട സേവിങ്സ് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സമയം നല്‍കിയിരിക്കുന്നത്. 2023 മാര്‍ച്ച് 31ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശം അനുസരിച്ച് പി.പി.എഫ്, എന്‍.എസ്.സി പോലുള്ള ചെറുകിട സേവിങ്സ് പദ്ധതികള്‍ക്കെല്ലാം ആധാറും പാനും നിര്‍ബന്ധമാണ്. നേരത്തെ തുറന്നിട്ടുള്ള അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാണ്.

നേരത്തെ ഇത്തരം അക്കൗണ്ടുകള്‍ ഉണ്ടായിരിക്കുകയും ആധാര്‍ വിവരങ്ങള്‍ നല്‍കിയിട്ടുമില്ലാത്ത നിക്ഷേപകര്‍ തങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പോയി ആറ് മാസത്തിനകം ആധാര്‍ വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു അന്നത്തെ ഉത്തരവ്. 2023 ഏപ്രില്‍ ഒന്നാം തീയ്യതിയാണ് ഈ നിര്‍ദേശം പ്രാബല്യത്തില്‍ വന്നത്.

അങ്ങനെയെങ്കില്‍ സെപ്റ്റംബര്‍ 30ഓടെ ഈ സമയപരിധി അവസാനിക്കും. ആധാര്‍ വിവരങ്ങള്‍ നല്‍കാത്ത അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നാണ് അറിയിപ്പ്. പിന്നീട് ആധാര്‍ വിവരങ്ങള്‍ ശരിയായി നല്‍കിയാല്‍ മാത്രമേ ആ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കൂ.

നിക്ഷപത്തുക മരവിപ്പിക്കപ്പെട്ടാല്‍ ബാങ്ക് അക്കൗണ്ടിലേക്ക് പലിശ കൂട്ടിച്ചേര്‍ക്കപ്പെടുകയില്ലെന്ന് മാത്രമല്ല പി.പി.എഫ്, സുകന്യ സമൃദ്ധി എന്നിവയിലേക്ക് പണം അടയ്ക്കാനും സാധിക്കില്ല. നിക്ഷേപ പദ്ധതികളുടെ മെച്യുരിറ്റി തുക അക്കൗണ്ടിലേക്ക് മാറ്റാനും മരവിപ്പിക്കപ്പെട്ട അക്കൗണ്ടുകളില്‍ സാധ്യമാവില്ല.

അക്കൗണ്ട് തുറക്കുമ്പോള്‍ പാന്‍ വിവരങ്ങള്‍ നല്‍കാത്തവര്‍ പാന്‍ വിവരങ്ങളും നല്‍കേണ്ടതുണ്ട്. എന്നാല്‍ അക്കൗണ്ട് ബാലന്‍സ് 50,000 രൂപയില്‍ താഴെ ആയിരിക്കുകയോ അക്കൗണ്ടിലേക്കുള്ള എല്ലാ നിക്ഷേപങ്ങളും കൂടി വര്‍ഷം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കുകയോ ഒരു മാസത്തെ പണം പിന്‍വലിക്കലോ ട്രാന്‍സ്ഫറുകളോ പതിനായിരം രൂപയില്‍ താഴെയായിരിക്കുകയോ ചെയ്യുമ്പോള്‍ പാന്‍ നിര്‍ബന്ധമാവില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!