വിദ്യാര്‍ഥികളെ കയറ്റാതെപോയ സ്വകാര്യബസ് പിന്നോട്ടെടുപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ്

വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് പിന്നോട്ടെടുപ്പിച്ച് മോട്ടോര്‍വാഹനവകുപ്പ്. വ്യാഴാഴ്ച വൈകീട്ട് 5.15-ഓടെ കല്പറ്റ എസ്.കെ.എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു മുന്നിലായിരുന്നു സംഭവം. കല്പറ്റയിലേക്കു വരുകയായിരുന്ന ബസ് വിദ്യാര്‍ഥികള്‍ കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി.
നിര്‍ത്താതെ പോയത് ഇതുവഴി വരുകയായിരുന്ന മോട്ടോര്‍വാഹനവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. അനൂപ് വര്‍ക്കി, എം.വി.ഡി. വി.വി. വിനീത് എന്നിവരുടെ നേതൃത്വത്തില്‍ ബസ് തടയുകയും പിന്നോട്ടെടുത്ത് വിദ്യാര്‍ഥികളെ കയറ്റാനും നിര്‍ദേശിച്ചു.
നൂറുമീറ്ററോളം ബസ് പിന്നോട്ടെടുപ്പിച്ച് സ്റ്റോപ്പില്‍ നിന്ന് വിദ്യാര്‍ഥികളെ കയറ്റിയ ശേഷമാണ് യാത്ര തുടരാന്‍ അനുവദിച്ചത്. പരിശോധന തുടരുമെന്നും വിദ്യാര്‍ഥികളെ കയറ്റാത്ത ബസുകള്‍ക്കുനേരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. 9188963112 എന്ന കണ്‍ട്രോള്‍ റൂം നമ്പറിലും rtoe12.mvd@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലും വിദ്യാര്‍ഥികള്‍ക്ക് പരാതികള്‍ അറിയിക്കാം.