ആദിത്യ എൽ 1 നാലാം ഭ്രമണ പഥം ഉയർത്തലും വിജയകരം

ബംഗളൂരു : ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍ വണിന്റെ നാലാം ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയായെന്ന് ഐ. എസ്. ആർ. ഒ അറിയിച്ചു. ഭൂമിക്ക് ചുറ്റുമുള്ള അവസാന ഭ്രമണപഥ ഉയർത്തലാണ് പൂർത്തിയാക്കിയത്.
ഭൂമിയിൽ നിന്ന് 256 കിലോമീറ്റർ അടുത്ത ദൂരവും 1,21,973 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണ പഥത്തിലാണ് പേടകം ഇപ്പോഴുള്ളത്.
19ന് പേടകം ഭൂഭ്രമണ പഥം വിട്ട് ലക്ഷ്യത്തിലേക്ക് കുതിക്കും. ജനുവരി ആദ്യ വാരം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് -1 ൽ എത്തും.
ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റാണ് ഇനി ദൗത്യ ലക്ഷ്യം. സൗരവാതങ്ങൾ, കാന്തിക ക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്‌ഷൻ തുടങ്ങിയ സൗര പ്രതിഭാസങ്ങളെയും നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കും.