നിപയിൽ കേരളത്തിന്‌ ആദ്യ ആശ്വാസവാർത്ത; മൂന്ന് ആക്ടിവ് കേസുകളിൽ ഒരാളുടെ പനി മാറി

Share our post

കോഴിക്കോട്: നിപ വൈറസ് കോഴിക്കോട് വീണ്ടും സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് രണ്ട് ദിവസമായി കേരളം. 2018 ൽ കേരളം സമ്പൂർണമായി പരാജയപ്പെടുത്തിയ വൈറസ് വീണ്ടുമെത്തിയപ്പോഴും നമ്മൾ ഇക്കുറിയും വൈറസിനെ തോൽപ്പിക്കുമെന്ന വിശ്വാസം ഏവർക്കുമുണ്ട്. ആ വിശ്വാസങ്ങൾക്ക് ബലമേകുന്ന ആദ്യ ആശ്വാസ വാർത്തയാണ് ഇപ്പോൾ കോഴിക്കോട് നിന്നും പുറത്തുവന്നത്.

കോഴിക്കോട് ആശുപത്രിയിൽ നിപ ബാധിച്ചു ചികിത്സയിൽ കഴിയുന്ന യുവാവിൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് അറിയിപ്പ്. ഈ രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം. നിപ പ്രതിരോധത്തിൽ കേരളം ശരിയായ പാതയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ആശ്വാസ വാർത്ത.

അതേസമയം നിപ വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരൻ്റെ നിലയിൽ ഇതുവരെയും മാറ്റമുണ്ടായിട്ടില്ല. 9 വയസുകാരൻ്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. എന്നാൽ ഏറ്റവും ഒടുവിലായി നിപ്പ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന് നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നത് ആശ്വാസകരമാണ്.

24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ജില്ലയിലെ ആക്റ്റീവ് കേസുകൾ 3 ആയത്. ആദ്യം മരിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപെട്ടയാളാണ് ഒടുവിലായി നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകൻ.

അതേസമയം ആദ്യം നിപ സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയും റൂട്ട് മാപ്പും തയ്യാറായിട്ടുണ്ട്. നിലവിൽ ആകെ 706 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരുമാണ് ഉള്ളത്.

ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ളവരെയും ചേർത്താണ് 706 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇവരെല്ലാം ആശുപത്രികളിലും വീടുകളിലമായി നിപ നിരീക്ഷണത്തിൽ കഴിയുകയാണ്. ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പർക്കപ്പട്ടികയുടെ വിവരങ്ങൾ വൈകാതെ ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!