കണ്ണൂർ : പ്രവാസ ജീവിതത്തിന്റെ യാതനകളും നൊമ്പരങ്ങളും മറികടക്കാനുള്ള മരുന്നായിരുന്നു അബ്ദുൾ നാസർ കോട്ടാഞ്ചേരിക്ക് ഗ്രന്ഥപ്പുരയും വായനയും. അതിജീവനത്തിന് ഊർജമായത് പുസ്‌തകങ്ങൾ. വിപുലമായ ഗ്രന്ഥശേഖരമാണ് ഏറ്റവും വലിയ സമ്പാദ്യം. കണ്ണൂർ സെൻട്രൽ ജയിൽ ലൈബ്രറിയിലും ഐ.ആർ.പി.സി.യുടെ മേലെ ചൊവ്വ ലഹരിവിമുക്ത കേന്ദ്രത്തിലും പരന്ന വായനയുടെ ബാക്കിപത്രമായി അബ്ദുൾ നാസർ നൽകിയ പുസ്‌തകങ്ങൾ കാണാം. വായിക്കുകയും മറ്റുള്ളവരെ വായിപ്പിക്കുകയും ലൈബ്രറികൾക്ക് പുസ്‌തകങ്ങൾ സംഭാവന നൽകുകയും ഗ്രന്ഥശാലകളെ പരിപോഷിപ്പിക്കുകയാണ് വ്യാപാരി കൂടിയായ നാസർ.
സ്വദേശമായ നാറാത്തുനിന്ന് ചെറുപ്പം മുതൽ പകർന്നുകിട്ടിയതാണ് വായന. അടുത്ത വീടുകളിൽനിന്നും വായനശാലകളിൽനിന്നും പുസ്‌തകം സംഘടിപ്പിച്ച് വായിക്കും. ഇത് സൗദിയിൽ പുസ്‌തകശാല നടത്തിപ്പിന് പ്രചോദനമായി. റിയാദ് ബാങ്ക് മാനേജർ അലിഗസ്ഥാൻ അമ്രുവിനെ പരിചയപ്പെട്ടതോടെയാണ് നാസറിന്റെ ജീവിതം വഴിമാറുന്നത്. സൗദിയിൽ ജോലിയില്ലാതെ അലഞ്ഞുനടക്കവെ നാട്ടുകാരനും സഹപാഠിയുമായ ഹബീബാണ് അമ്രുവിനെ പരിചയപ്പെടുത്തുന്നത്. നാസറിന് സൗദിയിലെ മൻസലാത്തിൽ ഒരു പുസ്‌തക ഷോപ്പിന്റെ ചുമതല നൽകുന്നത് അമ്രുവാണ്. ബാങ്കിന്റെ പ്രസിഡന്റായതോടെ അമ്രു ഷോപ്പ് പൂർണമായി നാസറിന് വിട്ടുകൊടുത്തു. ഷോപ്പിന്റെ അടിത്തറയിൽ മറ്റ് വ്യാപാര സ്ഥാപനങ്ങളും നാസർ തുടങ്ങി. എന്നാൽ, ഇതിനിടെ വ്യാപാരം തകർച്ചയെ നേരിട്ടു. രണ്ട് വർഷം ദുബായിയിലും ആറുമാസം ഇറാനിലും തങ്ങിയ ശേഷം 21 വയസ്സിൽ തുടങ്ങിയ 15 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു.
നാട്ടിലെത്തി ചെറിയതോതിൽ വ്യാപാരം തുടങ്ങി. ഇപ്പോൾ ഡിടിപി സെന്റർ, ബ്യൂട്ടി പാർലർ, ലോഡ്‌ജ്, റിസോർട്ട് എന്നിവ നടത്തുന്നു. തിരക്കിട്ട ജീവിതത്തിനിടയിലും വായന മറന്നില്ല. വീടിപ്പോൾ ഒരു ഗ്രന്ഥപ്പുരയാണ്. എല്ലാ സാഹിത്യ ശാഖകളിലുമുള്ള പുസ്‌തകങ്ങൾ ഇവിടെയുണ്ട്. ജയിൽ ലൈബ്രറിക്കും ഐ.ആർ.പി.സി.ക്കും പുസ്‌തകം സംഭാവന നൽകിയത് ഏവരെയും വായിപ്പിക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായി. ജീവകാരുണ്യത്തിലും നാസറിന്റെ കൈയൊപ്പുണ്ട്. ഐആർപിസിക്ക് ആദ്യമായി വീൽചെയർ നൽകിയത് നാസറാണ്. മകൻ നിഷാബിന്റെ ഓർമക്കായി പ്രവർത്തിക്കുന്ന ‘നിഷാബ് ഫൗണ്ടേഷൻ’ ഐആർപിസിക്ക് സന്നദ്ധ പ്രവർത്തനത്തിനായി വാഹനവും നൽകിയിരുന്നു. കോവിഡ് കാലത്ത് 104 ദിവസം ചെക്ക്‌പോസ്‌റ്റിൽ ഡ്യൂട്ടിചെയ്‌ത പൊലീസുകാർക്ക് തുടർച്ചയായി ഭക്ഷണവും വെള്ളവും എത്തിച്ചു. പാപ്പിനിശേരി അരോളിയിലെ ‘കരുണ’യിലാണ് ഇപ്പോൾ താമസം. കേരള ബാങ്ക് മാനേജർ സുമയ്യയാണ് ഭാര്യ.