അബു–ചാത്തുക്കുട്ടി രക്തസാക്ഷി ദിനം വെള്ളിയാഴ്ച
തലശേരി : സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിൽ തലശേരി ജവഹർഘട്ടിൽ ബ്രിട്ടീഷ് പൊലീസിന്റെ വെടിയേറ്റുമരിച്ച അബുമാസ്‌റ്ററുടെയും ചാത്തുക്കുട്ടിയുടെയും ധീര സ്‌മരണ വെള്ളിയാഴ്‌ച പുതുക്കും. 83ാമത് രക്തസാക്ഷിത്വ വാർഷിക ദിനത്തോടനുബന്ധിച്ച് സമരഭൂമിയിലും രക്തസാക്ഷി ഗ്രാമങ്ങളായ ധർമടം ചിറക്കുനിയിലും മമ്പറം മൈലുള്ളിയിലും ബഹുജനപ്രകടനവും അനുസ്‌മരണ യോഗങ്ങളും ചേരും. തലശേരി ജവഹർഘട്ടിൽ വൈകിട്ട് 4.30ന് പുഷ്‌പാർച്ചന. തുടർന്ന് പ്രകടനം. പുതിയ ബസ്‌സ്‌റ്റാൻഡ് പരിസരത്ത് അനുസ്‌മരണ യോഗം സി.പി.എം സംസ്ഥാന കൺട്രോൾ കമീഷൻ അംഗം എൻ. ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. കാരായി രാജൻ സംസാരിക്കും. സി.പി.എം ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ബഹുജനകൂട്ടായ്‌മയും ഇതോടൊപ്പം നടക്കും.
ധർമടം ചിറക്കുനിയിലും പുഷ്‌പാർച്ചനയും അനുസ്‌മരണ യോഗവുമുണ്ടാകും. പന്ന്യൻ രവീന്ദ്രൻ, എ.എ. റഹീം എം.പി, എം. സുരേന്ദ്രൻ എന്നിവർ സംസാരിക്കും. മേലൂരിൽനിന്നുള്ള വളന്റിയർ മാർച്ചും മീത്തലെപീടിക, അണ്ടലൂർ എന്നിവിടങ്ങളിൽനിന്നുള്ള ബഹുജനപ്രകടനവും അബു–ചാത്തുക്കുട്ടി സ്‌റ്റേഡിയം പരിസരം കേന്ദ്രീകരിച്ച് ചിറക്കുനിയിൽ സമാപിക്കും.
മൈലുള്ളിയിൽ അബുമാസ്‌റ്റർ നഗർ കേന്ദ്രീകരിച്ച് പ്രകടനവും അനുസ്‌മരണ യോഗവുംചേരും. ഡോ. വി. ശിവദാസൻ എം.പി, കെ.പി.വി. പ്രീത എന്നിവർ സംസാരിക്കും.
കെ.പി.സി.സി ആഹ്വാനം ചെയ്‌ത മർദനപ്രതിഷേധ ദിനത്തിൽ നിരോധനാജ്ഞ ലംഘിച്ച് തലശേരി കടപ്പുറത്ത് ഒത്തുചേർന്നവർക്ക് നേരെ 1940 സെപ്തംബർ 15ന് നടത്തിയ വെടിവയ്‌പ്പിലാണ് അബുവും ചാത്തുക്കുട്ടിയും രക്തസാക്ഷികളായത്. അന്നേ ദിവസം മോറാഴയും മട്ടന്നൂരും കൂത്തുപറമ്പുമെല്ലാം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഉശിരൻ പോരാട്ടത്തിന് വേദിയായി.
