ആപ്പിള്‍ വാച്ചില്‍ അവതരിപ്പിച്ച കിടിലന്‍ ഫീച്ചര്‍; എന്താണ് ഡബിള്‍ ടാപ്പ്

Share our post

ആപ്പിള്‍ അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാര്‍ട് വാച്ച് പരമ്പരയാണ് ആപ്പിള്‍ വാച്ച് സീരീസ് 9. സ്‌ക്രീന്‍ സ്പര്‍ശിക്കാതെ തന്നെ ഈ വാച്ച് നിയന്ത്രിക്കാനാകുന്ന ഒരു പുതിയ ഫീച്ചര്‍ ആണ് ഇത്തവണത്തെ വലിയ ആകര്‍ഷണങ്ങളില്‍ ഒന്ന്.

‘ഡബിള്‍ ടാപ്പ്’ എന്നാണ് ഇതിന് പേര്. സെന്‍സറുകള്‍, മെഷീന്‍ലേണിങ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം ഉപഭോക്താവിന്റെ ചൂണ്ടുവിരലിന്റെയും തള്ളവിരലിന്റേയും ചലനം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണിതില്‍.

എങ്ങനെയാണ് ഡബിള്‍ ടാപ്പിന്റെ പ്രവര്‍ത്തനം?

നിങ്ങളുടെ ചൂണ്ടുവിരലും തള്ളവിരലും തമ്മില്‍ രണ്ട് തവണ കൂട്ടിമുട്ടിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യാനും അവസാനിപ്പിക്കാനും ടൈമര്‍ നിര്‍ത്താനും അലാറം സ്നൂസ് ചെയ്യാനും മ്യൂസിക് നിയന്ത്രിക്കാനും ക്യാമറ എടുക്കാനുമെല്ലാം സാധിക്കും.

ഒരു കയ്യിലുള്ള വാച്ച് മറുകൈ ഉപയോഗിച്ച് സ്‌ക്രീനില്‍ സ്പര്‍ശിച്ചാല്‍ മാത്രമേ മുമ്പ് ഇക്കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളു. എന്നാല്‍ ഡബിള്‍ ടാപ്പ് സംവിധാനത്തിലൂടെ മറുകൈ ഉപയോഗിക്കാതെ തന്നെ വാച്ചിലെ ചില ഫീച്ചറുകള്‍ നിയന്ത്രിക്കാനാവും.

ഇത് പലവിധ സാഹചര്യങ്ങളില്‍ പ്രയോജനം ചെയ്യുന്ന ഫീച്ചറാണ്. മറു കയ്യില്‍ ബാഗ് പോലെ എന്തെങ്കിലും പിടിച്ചിരിക്കുമ്പോള്‍ വാച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ഈ സംവിധാനം ഉപയോഗപ്പെടും അതു പോലെ പാചകം ചെയ്യുമ്പോള്‍, സെല്‍ഫി സ്റ്റിക്ക് ഉപയോഗിച്ച് സെല്‍ഫി എടുക്കുമ്പോള്‍ എല്ലാം ഇത് ഉപയോഗിക്കാം.

ആപ്പിള്‍ വാച്ച് സീരീസ് 9 ലെ അതിവേഗ ന്യൂറല്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. അക്‌സിലറോമീറ്റര്‍, ഗൈറോസ്‌കോപ്പ്, ഒപ്റ്റിക്കല്‍ ഹാര്‍ട്ട് സെന്‍സര്‍, പുതിയ മെഷീന്‍ ലേണിങ് അല്‍ഗൊരിതം എന്നിവയെല്ലാം ഇതിന് പിന്നില്‍ കൈകോര്‍ക്കുന്നു.

കയ്യുടെ നേരിയ ചലനവും രക്തത്തിന്റെ ഒഴുക്കും ഈ അല്‍ഗൊരിതത്തിന് തിരിച്ചറിയാനാവുന്നു. ഒക്ടോബറില്‍ അവതരിപ്പിക്കുന്ന സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ വാച്ചില്‍ ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!