ഈ കണ്ണുകൾ ഇനിയും സമാജത്തിന് വെളിച്ചമേകും; പി.പി മുകുന്ദന്റെ കണ്ണുകൾ ദാനം ചെയ്തു

പേരാവൂർ : മുതിർന്ന ആര്‍.എസ്.എസ് പ്രചാരകനും ബി.ജെ.പി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയുമായ പി. പി മുകുന്ദന്റെ കണ്ണുകൾ ഇനിയും സമാജത്തിന് വെളിച്ചമേകും. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം കണ്ണുകൾ ദാനം ചെയതു. ഇന്ന് രാവിലെയാണ് കേരളത്തിലെ സംഘപരിവാറിന്റെ പ്രസ്ഥാനങ്ങളുടെ അമരക്കാരിൽ ഒരാളായ പി. പി മുകുന്ദൻ വിടവാങ്ങിയത്.
കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ജീവിതം മുഴുവൻ സമാജത്തിന് വേണ്ടി ജീവിച്ച വ്യക്തിയാണ് പി. പി മുകുന്ദൻ. സ്വജീവിതം സംഘത്തിന്റെ ആശയപ്രചാരണത്തിനായി ഉപയോഗപ്പെടുത്തിയ അപൂർവ്വ വ്യക്തിത്വം. 1946 ഡിസംബർ 9 ന് കൊളങ്ങരയത്ത് നാരായണിക്കുട്ടി അമ്മയുടെയും നടുവിൽ വീട്ടിൽ കൃഷ്ണൻനായരുടെയും മകനായി കണ്ണൂർ ജില്ലയിലെ കൊടിയൂരിനടുത്ത മണത്തണയിലാണ് അദ്ദേഹം ജനിച്ചത്.
നാളെ സ്വദേശമായ കണ്ണൂരിലാണ് പി. പി മുകുന്ദന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇന്ന് രാവിലെ 11 മുതൽ കൊച്ചിയിലെ ആര്‍.എസ്.എസ് പ്രാന്ത കാര്യാലയത്തിൽ മൃതശരീരം പൊതുദർശനത്തിന് വെക്കും. തുടർന്ന് മൂന്ന് മണിയൊടെ മൃതദേഹം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടു പോകും. നാളെ ഉച്ചയ്‌ക്ക് പേരാവൂർ , മണത്തണ കുടുബ പൊതു ശ്മശാനത്തിൽ സംസ്‌കാരം നടക്കുക.