വരൂ… വളപട്ടണം പുഴയിലെ രാക്കാഴ്‌ച നുകരാം
പറശ്ശിനിക്കടവ്: വളപട്ടണം പുഴയുടെയും പുഴയോരത്തിന്റെയും രാത്രികാല സൗന്ദര്യം നുകരാൻ മയ്യിൽ റോയൽ ടൂറിസം സൊസൈറ്റിയുടെ ആഡംബര ബോട്ട്. സൊസൈറ്റിയുടെ രണ്ടാമത്തെ റിവർ ക്രൂസ് ടൂറിസം ബോട്ടിലാണ് നൈറ്റ് സ്‌റ്റേ പാക്കേജ് സൗകര്യമൊരുക്കിയത്.
പകൽ യാത്രയ്‌ക്ക് അസൗകര്യമുളളവർക്കാണ് പുതിയ സംവിധാനം. രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെയാണ് യാത്ര. രാത്രി-– പ്രഭാത ഭക്ഷണം നൽകും. ബോട്ട് ഉടൻ സർവീസ് തുടങ്ങും. ഇതിനുള്ള ബുക്കിങ് തുടങ്ങിയിട്ടുണ്ട്.
കേരള ബാങ്ക് ധനസഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ അഴീക്കൽ സിൽക്കാണ് 80 ലക്ഷം രൂപ ചെലവിൽ സൊസൈറ്റിക്ക് ആഡംബര ബോട്ട് നിർമിച്ച് നീറ്റിലിറക്കിയത്.
ശീതീകരിച്ച ബെഡ്‌റൂം, ആധുനിക അടുക്കള, മീറ്റിങ് ഹാൾ എന്നീ സജ്ജീകരണങ്ങളുണ്ട്. ബോട്ടിൽ ഒരേ സമയം 50 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം. ബോട്ടിന്റെ മുകൾ തട്ടിൽ കാഴ്‌ചകൾ കാണാൻ പ്രത്യേക സൗകര്യമുണ്ട്. സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
പറശ്ശിനിക്കടവ് കേന്ദ്രീകരിച്ചാണ് സർവീസ്. വളപട്ടണം പാലം മുതൽ മലപ്പട്ടം മുനമ്പ് കടവ് പാലം വരെ പുഴയുടെ രാക്കാഴ്‌ച ആസ്വാദിക്കാം. ഹണിമൂൺ, പിറന്നാൾ പാർടികൾക്ക് പ്രത്യേക പാക്കേജുണ്ട്. വിദ്യാർഥികൾക്കും പ്രത്യേക പാക്കേജുണ്ട്. സ്ഥാപനങ്ങളുടെ മീറ്റിങ് നടത്താനുള്ള സൗകര്യവുമുണ്ട്. പകൽ സമയത്തെ ആറ് മണിക്കൂർ പാക്കേജിൽ പാമ്പൂരുത്തി, കോൾതുരുത്തി, കോറളായി എന്നീ തുരുത്തുകൾ സന്ദർശിക്കാനുള്ള ‘ഐലന്റ് വിഷനും’ അവസരവുമുണ്ടാകും.
കോവിഡ്‌കാല പ്രതിസന്ധിയെ അതിജീവിച്ചാണ് സൊസൈറ്റി രണ്ടാമത്തെ ടൂറിസ്‌റ്റ് ബോട്ട് ഇറക്കുന്നത്. ടൂറിസം മേഖലയിൽ പുതിയ സംരംഭങ്ങളും ആലോചിക്കുന്നുണ്ട്.ഓൺലൈൻ ബുക്കിങ്ങും ആരംഭിക്കും. ബ്രസീൽ, ക്യാനഡ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലെയും ഉത്തരേന്ത്യയിലെയും സഞ്ചാരികൾ സൊസൈറ്റിയുടെ പാക്കേജിന്റെ ഭാഗമായിട്ടുണ്ട്. ഫോൺ: 9895612521.
രണ്ടു ഹൗസ് ബോട്ടുൾപ്പെടെ ഇരുപതിലേറെ ടൂറിസ്‌റ്റ് ബോട്ടുകൾ മലനാട് റിവർ ക്രൂസ് ടൂറിസത്തിന്റെ ഭാഗമായി പറശ്ശിനിക്കടവ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്നുണ്ട്.
