തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ്: സ്വരാജിന്റെ ഹർജി നിലനിൽക്കും, ഹൈക്കോടതി നടപടികൾ തുടരാം- സുപ്രീംകോടതി
ന്യൂഡൽഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി നടപടികൾ തുടരാമെന്ന് സുപ്രീംകോടതി. സി.പി.എം സ്ഥാനാർഥിയായ എം. സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന കെ. ബാബുവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇക്കാര്യത്തിൽ ഇപ്പോഴൊന്നും പറയുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. സിറ്റിങ് എം.എൽ.എയായ സ്വരാജിനെ പരാജയപ്പെടുത്തി കെ. ബാബു മണ്ഡലം പിടിച്ചെടുത്തിരുന്നു. മതചിഹ്നം ഉപയോഗിച്ച് വോട്ട് അഭ്യർഥിച്ചുവെന്നായിരുന്നു ബാബുവിനെതിരായ ആരോപണം.
