കാൽനൂറ്റാണ്ട് കടന്ന് : യാത്രയുടെ കൊങ്കൺ വിപ്ലവം
മഹാരാഷ്ട്ര മുംബൈ. സി.എസ്.ടി രത്‌നഗിരി
ജനുവരി 26-ന് സാവന്തവാടിയിൽനിന്നുള്ള എക്സ്പ്രസ് തീവണ്ടി പെർണം തുരങ്കം പിന്നിട്ട് വിനോദസഞ്ചാരികളുടെ പറുദീസയായ ഗോവയിലെ മഡ്ഗാവ് സ്റ്റേഷനിൽ എത്തിയപ്പോൾ ഇന്ത്യൻ റെയിൽവേ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയൊരു സ്വപ്‌നം ചൂളംവിളിച്ചുണർത്തുകയായിരുന്നു. അറ്റംകാണാത്ത തുരങ്കങ്ങൾ പിന്നിട്ട് ആകാശംമുട്ടെ ഉയർന്നുനിൽക്കുന്ന പാലങ്ങൾ താണ്ടി കൊങ്കണിലൂടെ തീവണ്ടികൾ ചൂളംവിളിച്ചോടിത്തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ട് പിന്നിടുകയാണ്.
മലയാളിയുടെ സ്വന്തം
വടക്കേ ഇന്ത്യയിലേക്കുള്ള മലയാളികളുടെ യാത്രയിൽ കിലോമീറ്ററുകളും മണിക്കൂറുകളും വെട്ടിക്കുറച്ച തീവണ്ടിപ്പാത തുടക്കംമുതലേ മലയാളിയുടെ സ്വന്തമായിരുന്നെന്നതാണ് മറ്റൊരു സവിശേഷത. മലകളും പുഴകളും താണ്ടിയുള്ള പാതയ്ക്ക് ചുക്കാൻപിടിച്ചത് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മെട്രോമാൻ ഇ.ശ്രീധരനാണ്.
രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലും സാമ്പത്തികതലസ്ഥാനമായ മുംബൈയിലുമുൾപ്പെടെയുള്ള മഹാനഗരങ്ങളിൽ ജീവിതവും സ്വപ്‌നവും പച്ചപിടിപ്പിച്ച മലയാളികളുടെ കൂടി ചിരകാല മോഹമായിരുന്നു കൊങ്കൺപാത.
ലക്ഷ്യത്തിലേക്കുള്ള വഴികൾ
-ൽ രൂപവത്കരിച്ച കൊങ്കൺ റെയിൽവേ കോർപ്പറേഷൻ അഞ്ചു വർഷത്തിനകം കൊങ്കൺ റെയിൽവേ യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിട്ടത്. പക്ഷേ, പ്രതീക്ഷിക്കാതെ വന്ന തടസ്സങ്ങൾ ലക്ഷ്യത്തിലേക്കുള്ള നീളം കൂട്ടിക്കൊണ്ടിരുന്നു. ഗോവയിലെ സമരങ്ങളും പെർണം പോലുള്ള തുരങ്കങ്ങളിലെ അത്യാഹിതങ്ങളുമായിരുന്നു കാരണങ്ങൾ.
കാസർകോട് മുതൽ മഹാരാഷ്ട്രയുടെ തെക്കുപടിഞ്ഞാറൻ ജില്ലകൾ വരെ നീളുന്ന ഭൂപ്രദേശത്തെ പ്രധാന ഭാഷ കൊങ്കിണിയാണ്. അതാണ് ആ നാടിനെ കൊങ്കൺമേഖലയെന്ന് വിളിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ റെയിൽവേ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയാണ് കൊങ്കൺ റെയിൽവേ.
ബ്രിട്ടീഷ് ഭരണകാലത്ത് 1894-ൽ ഈ ആശയമുയർന്നിരുന്നു. എന്നാൽ, വലിയ നദികളിലും കൂറ്റൻ കുന്നുകളിലും ഉടക്കി അത് ഫയലിലുറങ്ങി. ജോർജ് ഫെർണാണ്ടസ് റെയിൽവേ മന്ത്രിയായപ്പോഴാണ് പാത മംഗളൂരു വരെ നീട്ടാനുള്ള ദൃഢമായ തീരുമാനം ഉണ്ടായത്.
ചെറിയൊരു കൾവർട്ട് പണിയാൻ പോലും വർഷങ്ങളെടുക്കുന്ന നാട്ടിൽ ഏറെ വെല്ലുവിളികളുള്ള ഭൂപ്രദേശത്തുകൂടി കൊങ്കൺ റെയിൽപ്പാതയുടെ പൂർത്തീകരണം വിസ്മയമായിരുന്നു. രത്നഗിരിയിലെ ആറരര കിലോമീറ്റർ തുരങ്കം അന്ന് രാജ്യത്തെ ഏറ്റവും വലുതുമായിരുന്നു.
കൊങ്കൺപാത ഒറ്റ ലൈനായതും നിലവിലുള്ള സ്റ്റേഷനുകൾ തമ്മിലുള്ള അകലം 16 മുതൽ 18 കിലോമീറ്റർ വരെയാണെന്നതും പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്ക പണ്ടേ ഉയർന്നിരുന്നു. തുരങ്കങ്ങളോട് ചേർന്ന് ഫ്ളാഗ് സ്റ്റേഷനുകൾ സ്ഥപിച്ചാണ് പ്രശ്നം ഒരു പരിധിവരെ പരിഹരിച്ചത്.
നല്ല വരുമാനവും
കൊങ്കൺപാതയിലൂടെയുള്ള തീവണ്ടി സർവീസിന്റെ വിജയം റെയിൽവേയുടെ വരുമാനത്തിലും പ്രതിഫലിക്കുന്നുണ്ട്. 2016-17-ൽ 1060.77 കോടി രൂപയായിരുന്നു കൊങ്കൺ റെയിൽവേയുടെ വരുമാനം. 2021-22-ൽ ഇത് 1145.98 കോടി രൂപയായി ഉയർന്നു. ചരക്കുഗതാഗതവും കൂടുതൽ സുഗമമായി. ചരക്കുലോറികൾ തീവണ്ടിയിൽ കയറ്റിക്കൊണ്ടുവരുന്ന റോ-റോ സർവീസ് തുടങ്ങാനായതും നേട്ടമാണ്.
പാത വരുമ്പോൾ
കേരളത്തിലേക്കും തിരിച്ചുമുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക്, യാത്രാ-ചരക്ക് തീവണ്ടികളുടെ സമയലാഭം തുടങ്ങിയവയാണ് കൊങ്കൺ പാതയ്ക്കൊപ്പം നമ്മൾ കണ്ട സ്വപ്നം. എന്നാൽ, അത് എത്രത്തോളം യാഥാർഥ്യമായെന്ന് തിരിഞ്ഞുനോക്കാനുള്ള സമയമാണിത്. ആ സുവർണപാതയെ എങ്ങനെ കൂടുതൽ ആകർഷകവും ജനകീയവുമാക്കാമെന്നും ചിന്തിക്കേണ്ട സമയം.
