വയനാട്-കരിന്തളം 400 കെ.വി. ലൈൻ കർമസമിതി റവന്യൂമന്ത്രിക്ക് നിവേദനം നൽകി

Share our post

ഇരിട്ടി : വയനാട്-കരിന്തളം 400 കെ.വി. ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ കർഷകരുടെ പ്രയാസങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ റവന്യു മന്ത്രി കെ.രാജന് നിവേദനം നൽകി. കർമസമിതി ചെയർമാൻ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ സണ്ണി ജോസഫ് എം.എൽ.എ.യുടെ സാന്നിധ്യത്തിലാണ് നിവേദനം നൽകിയത്.

ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് നിലവിലെ വിപണി വിലയിൽ ഇരട്ടി നൽകുക, ടവർ കടന്നുപോകുന്ന ഭൂമിക്ക് നിലവിലെ വിപണിവില നൽകുക, പദ്ധതിയിൽ നഷ്ടമാകുന്ന വിളകൾക്ക് നഷ്ടപരിഹാരം നൽകുക എന്നിവയാണ് നിവേദനത്തിലെ ആവശ്യങ്ങൾ.

കർഷകന്റെ ന്യായമായ ആവശ്യങ്ങൾക്ക് ഇതുവരെ വ്യക്തമായ ഉത്തരം ലഭിക്കാത്തത് ആശങ്ക വർധിപ്പിക്കുന്നതായി നിവേദനത്തിൽ പറയുന്നു. ഇതേ പ്രശ്നം ചൂണ്ടിക്കാണിച്ച് വൈദ്യുത മന്ത്രിക്കും നിവേദനം നൽകിയിരുന്നു.

കർഷകന്റെ ആവശ്യം അനുഭാവ പൂർവം പരിഗണിക്കുമെന്ന് വൈദ്യുത മന്ത്രി ഉറപ്പ് നൽകിയെങ്കിലും ഇക്കാര്യത്തിൽ ഒരു യോഗവും ഉണ്ടായിട്ടില്ലെന്ന് കർമസമതി ആരോപിച്ചു.

നിവേദക സംഘത്തിൽ അയ്യൻകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മിനി വിശ്വനാഥൻ, സിന്ധു ബെന്നി, വാർഡംഗം സജി മച്ചിത്താനി, കർമസമിതി കമ്മിറ്റി കൺവീനർ ബെന്നി പുതിയപുറം, ജോർജ് കിളിയന്തറ, ഷാജു ഇടശ്ശേരി, റോബിൻ എന്നിവരുമുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!