ഹാപ്പി ഡ്രിഗ്സ് പദ്ധതി കടലാസിൽ ; കുട്ടികൾ ജങ്ക് ഫുഡുകൾക്കു പിറകെ

കണ്ണൂർ: പോഷക സമ്പുഷ്ടമായ പാനീയങ്ങൾ നിർമ്മിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നതിന് സർവശിക്ഷ കേരളം ആവിഷ്കരിച്ച ഹാപ്പി ഡ്രിഗ്സ് പദ്ധതിയോട് മുഖം തിരിച്ച് അധികൃതർ. കുട്ടികളെ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പരിചയപ്പെടുത്തുക, ജങ്ക് ഫുഡ്, കൃത്രിമ പാനീയങ്ങൾ എന്നിവയോടുള്ള അമിതാസക്തി കുറയ്ക്കുക, പ്രാദേശികമായി ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് പോഷക സമ്പുഷ്ടമായ ബദൽ പാനീയങ്ങൾ നിർമ്മിക്കാൻ പഠിപ്പിക്കുക എന്നിവയായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.
എന്നാൽ നിലവിൽ ജില്ലയിലെ സ്കൂളുകളിലൊന്നും പദ്ധതി പേരിനു പോലും നടപ്പിലാക്കുന്നില്ല.പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കഴിഞ്ഞ ജനുവരി 25ന് ഏകദിന ശില്പശാല നടത്തിയതല്ലാതെ പിന്നീട് പദ്ധതി തുടർന്ന് കൊണ്ടുപോയിട്ടില്ല. ലഭിച്ച ഫണ്ട് തീർക്കേണ്ടതിനാൽ പല സ്കൂളുകളിലും ശില്പശാല തന്നെ നടത്തിയത് പേരിന് മാത്രമാണെന്നാണ് ആക്ഷേപം. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്.
പ്രകൃതിയുടെ രുചിയറിയുന്നതിനൊപ്പം അവയുടെ ഔഷധമൂല്യവും പദ്ധതിയിലൂടെ കുട്ടികളിലെത്തിക്കുകയായിരുന്നു ലക്ഷ്യം. നിലവിൽ കുട്ടികൾക്ക് എന്താണ് പദ്ധതിയെന്ന് പോലും അറിയാത്ത സ്ഥിതിയാണ്. 51 ഇനം പാനീയങ്ങളാണ് പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നത്. എന്നാൽ വെറും ഒരു ദിവസത്തെ ക്ലാസു കൊണ്ട് മാത്രം കുട്ടികൾക്ക് ഇത്തരം പ്രകൃതിദത്ത പാനിയങ്ങളുടെ പ്രധാന്യമെന്തെന്ന് തിരിച്ചറിയാൻ സാധിക്കില്ല.
51 പാനീയങ്ങൾവിവിധ രുചിയിലും മണത്തിലും നിറത്തിലുമുള്ള 51 പാനീയങ്ങളാണ് പരിചയപ്പെടുത്താൻ തീരുമാനിച്ചത്. ഇളനീർ, ചതുരപ്പുളി, പൈനാപ്പിൾ, ഈന്തപ്പഴം, ഇഞ്ചി, തണ്ണിമത്തൻ, ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ശർക്കര, പ്ലംസ്, നന്നാറി, ആപ്പിൾ, പപ്പായ, കപ്പ, സപ്പോട്ട, മുളക്, കിവി, മാങ്ങ, പൊതീന, ബട്ടർഫ്രൂട്ട്, ചുക്ക്, മല്ലിയില, മാതളം, കറിവേപ്പില, ഓറഞ്ച്, ലൂബിക്ക, മുസമ്പി, തക്കാളി, ഉണക്ക മുന്തിരി, നെല്ലിക്ക, പിസ്ത, ചാമ്പക്ക തുടങ്ങിയവയുടെ പാനീയങ്ങളാണ് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നത്.
അകറ്റണം ജങ്ക് ഫുഡ്കുട്ടികൾക്ക് ജങ്ക് ഫുഡുകളോട് പ്രിയം ഏറി വരികയാണ്. ‘ജങ്ക്’ എന്ന വാക്കിന്റെ അർഥം തന്നെ ഉപയോഗശൂന്യമായി കളയുന്ന വസ്തു എന്നാണ്.
വളരെ ഉയർന്ന തോതിൽ കൊഴുപ്പടങ്ങിയതും എന്നാൽ കുറഞ്ഞ പോഷകാഹാര മൂല്യവുമുള്ള ഭക്ഷണപദാർത്ഥങ്ങളാണ് ‘ജങ്ക് ഫുഡ്’. കഴിക്കാനുള്ള എളുപ്പം, കൊണ്ടുപോകാനുള്ള സൗകര്യം, ചെറിയ വിലയ്ക്ക് കൂടുതൽ, മനോഹരമായ നിറം, ആകൃതി, രുചി എന്നിവയെല്ലാം ജങ്ക് ഫുഡിലേക്ക് കുട്ടികളെ ആകർഷിക്കുന്നു.കാത്തിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ
1.അപര്യാപ്തമായ വളർച്ചയും വികാസവും
2.വിഷാദം, മാനസിക ആഘാതം
3.പഠനത്തിൽ പിറകോട്ട്, ഓർമ്മ പ്രശ്‌നങ്ങൾ
4.ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ
5. പോഷണ വൈകല്യങ്ങൾ, അമിതവണ്ണം