കേന്ദ്ര നിർദേശം: നാദാപുരത്ത് റൂട്ട് മാർച്ച് നടത്തി കേന്ദ്രദ്രുതകർമ സേന
കോഴിക്കോട്:നാദാപുരത്ത് കേന്ദ്ര ദ്രുതകർമ സേനാംഗങ്ങളുടെ റൂട്ട് മാർച്ച്. മത, സാമുദായിക സ്പർദകളും രാഷ്ട്രീയ സംഘർഷ സാധ്യത ഏറിയതുമായ പ്രദേശങ്ങളിൽ നിയമവ്യവസ്ഥ ഉറപ്പുവരുത്തുക, പൊതുജനങ്ങളുടെ ഭീതി അകറ്റി ‘ഭയം വേണ്ട ഞങ്ങളുണ്ട്’ എന്ന ലക്ഷ്യവുമായാണു സേന സായുധ റൂട്ട് മാർച്ച് നടത്തിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരമായിരുന്നു മാർച്ച്.
കർണാടക ഷിമോഗ ജില്ലയിലെ ഭദ്രാവതി ക്യാംപിലെ ആർ.എ.എഫ് 97 ബറ്റാലിയൻ കമാൻഡ് അനിൽ കുമാർ ജാദവിന്റെ നേതൃത്വത്തിൽ 75 സേനാംഗങ്ങളാണു നാദാപുരം, വെള്ളൂർ, പുറമേരി, വളയം, തൂണേരി എന്നിവിടങ്ങളിൽ റൂട്ട് മാർച്ച് നടത്തി.
കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തു കോഴിക്കോടു റൂറൽ ജില്ലയിൽ ഹൈപ്പർ സെൻസിറ്റീവ് ആയ പൊലീസ് സ്റ്റേഷൻ പരിധിയിലാണു കേന്ദ്ര സേനാംഗങ്ങൾ എത്തിയത്. പൊതുജനങ്ങൾക്കു ആത്മവിശ്വാസം നൽകുകയെന്നതും സേനയുടെ സാന്നിധ്യം അറിയിക്കുക എന്നതുമാണു റൂട്ട് മാർച്ചിന്റെ ലക്ഷ്യം.
അതീവ സെൻസിറ്റീവ് ആയ സ്റ്റേഷൻ പരിധിയിലെ രാഷ്ട്രീയവും മതപരവും മുൻ സംഘർഷങ്ങളുടെയും ഡേറ്റകൾ ശേഖരിച്ചതായും ആർ.എ.എഫ് അധികൃതർ പറഞ്ഞു. നാദാപുരം സി.ഐ ഇ.വി.ഫായിസ് അലി, എസ്ഐ.എസ്. ശ്രീജിത്ത് എന്നിവരും കേന്ദ്ര സൈനികർക്കൊപ്പം റൂട്ട് മാർച്ചിൽ പങ്കെടുത്തു.
