കണ്ണൂർ വിമാനത്താവളം റോഡ് ; ചാണപ്പാറ ദേവീ ക്ഷേത്രം പൊളിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
പേരാവൂർ : നിർദ്ദിഷ്ട മാനന്തവാടി – മട്ടന്നൂര്‍ നാലുവരിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി ചാണപ്പാറ ദേവീ ക്ഷേത്രം പൊളിക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ തീരുമാനം.ക്ഷേത്രത്തില്‍ ചേര്‍ന്ന കേരള ക്ഷേത്ര സംരക്ഷണ സമിതി ഇരിട്ടി താലൂക്ക് സമ്മേളനത്തിലാണ് തീരുമാനം. അലൈന്‍മെന്റ് മാറ്റി ക്ഷേത്രം സംരക്ഷിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന്റെ എതിര്‍ വശത്ത് ആവശ്യത്തിന് സ്ഥലമുളളതിനാല്‍ അലൈന്‍മെന്റ് എളുപ്പമാണെന്നും ഭാരവാഹികള്‍ ചുണ്ടിക്കാട്ടി.പേരാവൂര്‍ തെരു ഗണപതിക്ഷേത്ര ഭൂമിയില്‍ കൂടി കടന്നുപോകുന്ന നാലുവരി പാതയുടെ അലൈന്‍മെന്റ് ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങിയപ്പോള്‍ മാറ്റിയെന്നും അപ്രകാരം പ്രക്ഷോഭത്തിലേക്ക് ഇറക്കിയേ തീരു എന്നാണെങ്കില്‍ ആവഴി തന്നെ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ജില്ല പ്രസിഡന്റ് അഡ്വ. എം. കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഐതിഹ്യ പ്രധാന്യമുളള ക്ഷേത്രത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.ഡി. പരമേശ്വരന്‍ അവതരിപ്പിച്ച പ്രമേയവും ഐക്യകണ്‌ഠേന പാസാക്കി. തിട്ടയില്‍ നാരായണന്‍ നായര്‍, ദേവദാസന്‍ പോനിച്ചേരി, കെ.വി. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
