ആവേശം നിറച്ച് ചുരുളൻ വള്ളങ്ങൾ; ഉത്സവമായി ചാമ്പ്യൻസ് ബോട്ട് ലീഗ്
കണ്ണൂർ: അഞ്ചരക്കണ്ടി പുഴയുടെ ഓളങ്ങളെ ആവേശത്തിമിർപ്പിലാക്കി ചുരുളൻ വള്ളങ്ങൾ മത്സരിച്ച് തുഴയെറിഞ്ഞപ്പോൾ ജനകീയ ഉത്സവമായി ചാമ്പ്യൻസ് ബോട്ട് ലീഗ്. ഉത്തര മലബാറിൽ ആദ്യമായി വിരുന്നെത്തിയ സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സി.ബി.എല്ലിനെ പുഴയുടെ ഇരുകരകളിലുമായി തടിച്ചുകൂടിയ ആയിരങ്ങൾ ഹർഷാരവത്തോടെ നെഞ്ചിലേറ്റി.
ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജലോത്സവം അഞ്ചരക്കണ്ടി പുഴയിൽ മമ്മാക്കുന്ന് പാലം മുതൽ മുഴപ്പിലങ്ങാട് കടവ് വരെ ഒരു കിലോമീറ്റർ ദൂരത്താണ് അരങ്ങേറിയത്. കാസർകോട്, കണ്ണൂർ ജില്ലകളിൽനിന്നുള്ള, 60 അടി നീളമുള്ള 13 ചുരുളൻ വള്ളങ്ങളാണ് പങ്കെടുത്തത്. ഒരു വള്ളത്തിൽ 30 തുഴച്ചിലുകാർ വീതം അണിനിരന്നു.
നാല് ഹീറ്റ്സുകളിൽ വയൽക്കര മയ്യിച്ച, എ.കെ.ജി മയ്യിച്ച, ശ്രീ വിഷ്ണുമൂർത്തി കുറ്റിവയൽ, ശ്രീ വയൽക്കര വെങ്ങാട്ട്, ഇ.എം.എസ് മുഴക്കീൽ, റെഡ്സ്റ്റാർ കാര്യങ്കോട്, പാലിച്ചോൻ അച്ചാംതുരുത്തി എ ടീം, പാലിച്ചോൻ അച്ചാംതുരുത്തി ബി ടീം, എ.കെ.ജി പൊടോത്തുരുത്തി എ ടീം, എ.കെ.ജി പൊടോത്തുരുത്തി ബി ടീം, കൃഷ്ണപിള്ള കാവുംചിറ, നവോദയ മംഗലശ്ശേരി, മേലൂർ സുഗുണൻ മാസ്റ്റർ സ്മാരക ക്ലബ് എന്നിവർ ആവേശം വിതച്ചു.
ആദ്യ മൂന്ന് ഹീറ്റ്സുകളിൽ മൂന്ന് വീതവും നാലാം ഹീറ്റ്സിൽ നാലും ടീമുകൾ മത്സരിച്ചു. വള്ളംകളിയുടെ ഇടവേളകളിൽ ജലാഭ്യാസ പ്രകടനങ്ങളും നടന്നു. ഷൈജു ദാമോദരൻ, ജോളി ചമ്പക്കുളം എന്നിവരുടെ തത്സമയ ദൃക്സാക്ഷി വിവരണം വള്ളംകളി പ്രേമികളുടെ ആവേശം ഇരട്ടിപ്പിച്ചു. സി.ബി.എൽ കഴിഞ്ഞ വർഷം ചാലിയാറിൽ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഉത്തര മലബാറിൽ ജലോത്സവം എത്തിയത്.
ആദ്യ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരത്തില്‍ എ.കെ.ജി പോടോത്തുരുത്തി ബി ടീം ചാമ്പ്യന്മാരായി. കൃഷ്ണപിള്ള കാവുംചിറ രണ്ടാം സ്ഥാനവും വിഷ്ണുമൂര്‍ത്തി കുറ്റിവയല്‍ മൂന്നാം സ്ഥാനവും നേടി.
