തിരക്കിലാണ് സർവീസ് ബുക്കുകളുടെ ബ്യൂട്ടീഷ്യൻ

Share our post

പരിയാരം: കാസർകോട് ,കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഒട്ടുമിക്ക സർക്കാർ ഓഫീസുകളിലെ സർവീസ് ബുക്കുകൾക്ക് സുപരിചിതനാണ് അഴീക്കോട് കപ്പക്കടവിലെ പാട്ടത്തിൽ വളപ്പിൽ പി.വി.ബാലകൃഷ്ണൻ .പിഞ്ഞിപ്പോകാതെ ചൊടിയോടെ അവ നിൽക്കുന്നുണ്ടെങ്കിൽ ഉറപ്പാണ് ഈ എഴുപത്തിയൊന്നുകാരന്റെ സ്പർശമുണ്ട്.

ബുക്ക് ബൈൻഡിംഗിന് അത്യാധുനിക സംവിധാനങ്ങൾ കടന്നുവന്നുവെങ്കിലും പക്ഷെ ബാലകൃഷ്ണന് വെറും നൂലും പശയും ഒരു സൂചിയുമാണ് അന്നുമിന്നും ഉപായം. എട്ടാംക്ലാസിൽ പഠിക്കുന്ന കാലത്ത് ബുക്ക്‌ ബൈൻഡിംഗിനോട് തുടങ്ങിയ കൗതുകമാണ് ഈ തൊഴിലിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു. വിദ്യാർത്ഥിയായിരിക്കെ അഴീക്കോട് മൂന്നുനിരത്തിലെ കാക്കേൻ ഗോവിന്ദന്റെ ബുക്ക് ബൈൻഡിംഗ് ഷോപ്പിൽ നിന്നായിരുന്നു തുടക്കം.

ശനിയും ഞായറുമുള്ള പരിശീലനം പഠനവഴി ഉപേക്ഷിച്ച് ഇതിനെ തൊഴിലാക്കുന്നതിലേക്ക് എത്തിച്ചു.കുറച്ചുകാലം ഗോവിന്ദന്റെ ഷോപ്പിൽ തുടർന്ന ശേഷം അഴീക്കോട് പൂതപ്പാറയിലെ വി.കെ.അബൂബക്കർ സൺസിലേക്ക് മാറി.

പത്ത് വർഷം ഇവിടെ ജോലിനോക്കിയ ശേഷം സ്വന്തമായി ബൈൻഡിംഗ് ആരംഭിച്ചു. മുറിച്ച് ക്രമീകരിച്ചാൽ ഉള്ളടക്കം ഇല്ലാതാവുന്നതിന്റെ പ്രശ്നങ്ങൾ കാരണമാണ് സർക്കാർ സ്ഥാപനങ്ങൾ ബാലകൃഷ്ണന്റെ സേവനം തന്നെ ഉപയോഗിക്കുന്നത്.

എത്ര പഴക്കം ചെന്നതായാലും മെഷീൻ ഉപയോഗിക്കാതെ കൈയടക്കത്തോടെ ബൈൻഡ് ചെയ്യും ഇദ്ദേഹം. ഉള്ളടക്കത്തിന് ഒരു വിധത്തിലും കേടുപാട് വരുത്താത്ത വിധത്തിലാണ് ബാലകൃഷ്ണൻ തന്റെ ജോലി നിർവ്വഹിക്കുന്നത്.

ഒരു വലിയ ബുക്ക് ബൈൻഡ് ചെയ്യാൻ 150 രൂപയാണ് ചാർജ്. 24 മണിക്കൂർ തുടർച്ചയായി ചെയ്താലും തീരാത്ത വിധം ജോലി ഈ രംഗത്തുണ്ടെന്ന് പറയുന്ന ബാലകൃഷ്ണൻ ആരോഗ്യം അനുവദിക്കുന്നിടത്തോളം ഈ രംഗത്തുണ്ടാകുമെന്ന തീരുമാനത്തിലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!