കായികക്കുതിപ്പിനായി സായ്-ബ്രണ്ണൻ സിന്തറ്റിക് ട്രാക്ക് തുറന്നു
ധർമടം : ഗവ. ബ്രണ്ണൻ കോളേജിൽ നിർമിച്ച സായ് -ബ്രണ്ണൻ സിന്തറ്റിക് ട്രാക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന സർക്കാരും സംയുക്തമായിട്ടാണ് ഗവ. ബ്രണ്ണൻ കോളേജിൽ സിന്തറ്റിക് ട്രാക്ക് നിർമിച്ചത്.
ബ്രണ്ണൻ കോളേജിൽനിന്ന് പാട്ടത്തിന് ലഭിച്ച 7.35 ഏക്കറിൽ 9.09 കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്തുവകുപ്പ് എട്ടുവരി ട്രാക്ക് നിർമിച്ചത്. ഹൈജമ്പ്, ലോങ് ജമ്പ്, ഡിസ്‌കസ് ത്രോ, ഷോട്ട് പുട്ട്, ജാവലിൻ ത്രോ, ഫുട്‌ബോൾ എന്നിവയുടെ പരിശീലനത്തിനുള്ള സൗകര്യവുമുണ്ട്.
മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥിയായി. ഡോ. വി. ശിവദാസൻ എം.പി., കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, ധർമടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി, പി. സീമ, ദിവ്യ ചെള്ളത്ത്, സന്ദീപ്കുമാർ, ഡോ. ജി. കിഷോർ, കെ.കെ. പവിത്രൻ, ഡോ. സി. ബാബുരാജ്, പി.പി. രജത് എന്നിവർ സംസാരിച്ചു.

ജ്ഞാനവൈവിധ്യമുള്ള സമൂഹ സൃഷ്ടിയാണ് ലക്ഷ്യം -മുഖ്യമന്ത്രി
ജ്ഞാനവൈവിധ്യമുള്ള സമൂഹസൃഷ്ടിയാണ് ഉന്നതവിദ്യാഭ്യാസത്തിലൂടെ സംസ്ഥാനസർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാസ്ത്ര, മാനവിക വിഷയങ്ങളിലും കലാ-കായിക രംഗങ്ങളിലും സംഭാവന നൽകാൻ കഴിയുന്ന തലമുറയാകും ഇതിലൂടെ സൃഷ്ടിക്കപ്പെടുക. കേരളത്തിലെ 70 കോളേജുകളിൽ കായികാടിസ്ഥാന സൗകര്യവികസനം നടപ്പാക്കിവരികയാണ്.
10 മുതൽ 12 വയസ്സുവരെയുള്ള അഞ്ചുലക്ഷം കുട്ടികൾക്ക് 1000 കേന്ദ്രങ്ങളിൽ പരിശീലനം തുടങ്ങി. കായിക ഡയറക്ടറേറ്റിന്റെയും സ്‌പോർട്‌സ് കൗൺസിലിന്റെയും നേതൃത്വത്തിൽ മൂന്ന് ഫുട്‌ബോൾ അക്കാദമികൾ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
