നാലു പതിറ്റാണ്ട് ടിക്കറ്റ് മുറിച്ചു റൂട്ട് തെറ്റാതെ

കണ്ണൂർ: നാലുപതിറ്റാണ്ടുകൾ കൊഴിഞ്ഞുപോയെങ്കിലും എൻ.എൻ.ടി ബസ്സിലെ കണ്ടക്ടറുടെ ജീവിതസപര്യ അതേപടി തുടരുന്നു. നാൽപത് വർഷത്തോളമായി ഒറ്റ റൂട്ടിലെ യാത്രക്കാർക്കുമാത്രം ടിക്കറ്റ് മുറിച്ച കണ്ടക്ടറെന്ന റെക്കോഡ് മുല്ലക്കൊടി–- കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന എൻ.എൻ.ടി ബസിലെ കെ. രാജീവന് സ്വന്തം. ജീവനക്കാരും ബസ്സും റൂട്ടും അടിക്കടി മാറുന്ന സ്വകാര്യ ബസ് വ്യവസായ മേഖലയിലാണ് രാജീവന്റെ വിസ്‌മയകരമായ ജീവിതയാത്ര.
എൻ.എൻ.ടി ബസ്സിൽ ഡ്രൈവർമാരും ക്ലീനർമാരും മാറിമാറി വന്നെങ്കിലും തലമുറകൾക്ക് ടിക്കറ്റ് മുറിച്ചുനൽകാനുള്ള നിയോഗമായിരുന്നു ഈ കണ്ടക്ടർക്ക്. യാത്രക്കാരോട് ഒരിക്കലും മുഖം കറുപ്പിക്കാതെ അവർക്ക് യാത്രാമംഗളം നേരുകയായിരുന്നു ഈ കണ്ടക്ടർ. ചെറുപ്പത്തിലെ ആവേശം 59–-ാം വയസ്സിലുമുണ്ട്.
ബസ്സിൽ കയറുന്ന ഭൂരിഭാഗംപേരും വർഷങ്ങളായി കണ്ടക്ടറുമായി ആത്മബന്ധമുളളവരാണ്.
ടിക്കറ്റിനൊപ്പം കുശലാന്വേഷണവും സൗഹൃദ സംഭാഷണവും കൈമാറും. വിദ്യാർഥികളായി ബസ്സിൽ സഞ്ചരിച്ചവരിൽ മിക്കവരും ഇന്ന് ഉദ്യോഗസ്ഥരായാണ് യാത്ര ചെയ്യുന്നത്. ഇവരുടെ മക്കളും ഇതേ ബസ്സിലെ യാത്രക്കാരാണ്.കോവിഡ് കാലം ബസ് വ്യവസായം പ്രതിസന്ധിയിലായ കാലയളവിൽമാത്രമാണ് കണ്ടക്ടർ ജോലിയിൽനിന്ന് വിട്ടുനിന്നത്.
പതിനെട്ടാം വയസിൽ സ്ഥിരവരുമാനമുള്ള ജോലി എന്ന നിലക്കാണ് കണ്ടക്ടർ ലൈസൻസെടുത്തത്. കണ്ണൂർ–- പുളിങ്ങോം റൂട്ടിലാണ് പരിശീലനം നേടിയത്. 1984ൽ എൻഎൻടിയുടെ മുൻഗാമിയായ എൻജി ബസ്സിലാണ് ജോലിക്ക് കയറിയത്. എൻ.എൻ.ടി ബസ്സിന്റെ പേരിലും മൂന്നര പതിറ്റാണ്ടോളമായി മാറ്റമില്ല. 10 പൈസ മിനിമം ചാർജിനാണ് ടിക്കറ്റ് മുറിച്ച് തുടങ്ങിയത്. ഇന്നത് 10 രൂപയിലെത്തി. 40 വർഷത്തിനിടെ ഒരുപാട് നല്ല ഓർമകളാണ് ഈ ജോലി സമ്മാനിച്ചതെന്ന് രാജീവൻ പറഞ്ഞു.
60 വയസാണ് കണ്ടക്ടറായി ജോലി ചെയ്യാനുള്ള പ്രായപരിധി. ഇനി ഏതാനും മാസമേ വിരമിക്കാൻ ശേഷിക്കുന്നുള്ളൂ. വിരമിച്ചാലും ദിവസവേതനാടിസ്ഥാനത്തിൽ എൻ.എൻ.ടിയിൽ തുടരാനാണ് താൽപര്യം. സ്വകാര്യ ബസ് തൊഴിലാളികളുടെ അവകാശ സമരത്തിലും മുന്നിലുണ്ടായിരുന്നു. മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സിറ്റി ഡിവിഷൻ സെക്രട്ടറിയും സി.പി.ഐ.എം മോട്ടോർ ലോക്കൽ കമ്മിറ്റി അംഗവുമാണ്. കോയ്യോട് സ്വദേശിയായ രാജീവൻ കയരളം മുല്ലക്കൊടിയിലാണ് താമസം. മയ്യിൽ വിശ്വഭാരതി കോളേജിലെ ഹിന്ദി അധ്യാപിക കെ. വി ഗീതയാണ് ഭാര്യ. മക്കൾ: റിജിൽ രാജീവൻ, അജൽ രാജീവൻ.