ജൂനിയർ ഡോക്ടർമാർക്ക് സ്‌റ്റൈപ്പന്റ് മുടങ്ങി മൂന്നു മാസം

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഹൗസ് സർജൻമാർക്ക് കഴിഞ്ഞ മൂന്ന് മാസമായി സ്‌റ്റൈപ്പന്റ് ലഭിക്കുന്നില്ലെന്ന് പരാതി. ഫീസ് നിർണ്ണയത്തിലെ അപാകത ചൂണ്ടിക്കാണിച്ച് നൽകിയ പരാതി കോടതിയുടെ പരിഗണനയിലിരിക്കേ ഫീസ് അടക്കേണ്ടതില്ലെന്ന് കോടതിയുടെ സ്റ്റേ നില നില്ക്കുന്നുണ്ടെങ്കിലും ഫീസ് അടയ്ക്കാത്തതിനാൽ സ്‌റ്റൈപ്പന്റ് നല്കാൻ ഫണ്ടില്ല എന്നാണ് കോളേജ് അധികൃതരുടെ നിലപാട്.
സീനിയർ ഡോക്ടർമാർക്കും ശമ്പളം ലഭിക്കാത്ത പ്രശ്നം നിലനിന്നിരുന്നെങ്കിലും ഓണത്തിനു മുൻപ് തന്നെ അത് പരിഹരിക്കപ്പെട്ടിരുന്നു. തുടർച്ചയായി 24 മണിക്കൂറലധികം ജോലി ചെയ്യുന്ന ഹൗസ് സർജൻമാർക്ക് സ്‌റ്റൈപ്പന്റ് ലഭിക്കാത്ത പക്ഷം പ്രതിഷേധ സമര പരിപാടികൾക്ക് നിർബന്ധിതരാകുമെന്ന് അറിയിച്ചിട്ടും ഡി.എം.ഇ ഉൾപ്പെടെയുള്ളവർ വിഷയം പരിഗണിക്കുന്നതു പോലുമില്ലെന്ന് ഹൗസ് സർജൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.